അങ്കമാലിയിൽ ജ്വല്ലറി പാർക്ക് വരുന്നു ബജറ്റിൽ 10 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ
കേരളത്തെ ആഭരണ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ജ്വല്ലറി പാർക്കിനായി ബജറ്റിൽ 10 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ചു. കെജിഎസ്എംഎ സംസ്ഥാന കൺവെൻഷൻ അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കേരളത്തെ ആഭരണ ടൂറിസത്തിന്റെ ഹബ്ബാക്കും; ജ്വല്ലറി പാർക്കിനായി 10 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി
അങ്കമാലി: ഈ വർഷം തന്നെ സംസ്ഥാനത്ത് ജ്വല്ലറി പാർക്ക് സ്ഥാപിക്കുന്നതിനായി നിലവിലെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ചു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) സംസ്ഥാന കൺവെൻഷൻ അങ്കമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഈ പദ്ധതിയുടെ ഒരു സൗകര്യദാതാവ് മാത്രമാണെന്നും സ്വർണവ്യാപാരികളാണ് ഇതിന്റെ പ്രധാന പ്രമോട്ടർമാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജ്വല്ലറി പാർക്ക് യാഥാർഥ്യമാകുന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ കേരളത്തിലെത്തുമെന്നും, സംസ്ഥാനം ആഭരണ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ആഭരണങ്ങളുടെ നിർമ്മാണവും ഡിസൈനിങും ഒരേ കേന്ദ്രത്തിൽ നടക്കുന്നതിലൂടെ ഈ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകും. ഗോൾഡ് ഹബിന്റെ പ്രവർത്തനത്തോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യാപാര മേഖല കൂടുതൽ ശക്തിപ്പെടുകയും സർക്കാർ ഖജനാവിലേക്ക് കൂടുതൽ വരുമാനം എത്തുകയും ചെയ്യും. ഇതിന്റെ ഫലമായി കൂടുതൽ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ആരംഭിക്കാൻ സാഹചര്യമൊരുങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആഭരണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തിലുള്ള പ്രദർശനങ്ങളാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഫാഷൻ, ഉപഭോക്താക്കളുടെ അഭിരുചി, വാങ്ങൽശേഷി, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം എന്നിവയ്ക്കനുസരിച്ച് വിപണിയിൽ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. വിദേശ രാജ്യങ്ങൾ ആഭരണ പ്രദർശനങ്ങൾ സംഘടിപ്പിച്ചാണ് അവരുടെ വ്യാപാരമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നത്.
കേരളം രാജ്യത്തെ ഏറ്റവും വലിയ സ്വർണാഭരണ ഉപഭോക്തൃ സംസ്ഥാനമാണെങ്കിലും ആഭരണ വ്യാപാര രംഗത്ത് നടക്കുന്ന വഞ്ചനകളെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ സമാന്തരവും അനധികൃതവുമായ സ്വർണവ്യാപാരം പൂർണ്ണമായും അവസാനിപ്പിക്കും. യാതൊരുവിധ രജിസ്ട്രേഷനുമില്ലാതെ വീടുകളിലെത്തി സ്വർണവ്യാപാരം നടത്തുന്നവർ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പങ്കെടുത്തു. ഗോൾഡ് ഹബ് സ്ഥാപിതമായാൽ സ്വർണവ്യാപാരത്തിൽ നിന്നുള്ള വരുമാനം സംസ്ഥാന ഖജനാവിലേക്ക് കൂടുതൽ എത്തുമെന്നും, രജിസ്ട്രേഷൻ ഇല്ലാതെ അനധികൃതമായി സ്വർണവ്യാപാരം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെജിഎസ്എംഎ ജനറൽ സെക്രട്ടറി എസ്. അബ്ദുൾ നാസർ ആവശ്യപ്പെട്ടു. അടുത്ത ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന സ്വർണ്ണ വ്യാപാര മേഖലയുടെ കരുത്ത് ചോർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നികുതി സംവിധാനത്തിലെ ചോർച്ച രാജ്യത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കെജിഎസ്എംഎ പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
കെജിഎസ്എംഎ വർക്കിങ് പ്രസിഡന്റ് പി. കെ. ഐമു ഹാജി, ട്രഷറർ സി. വി. കൃഷ്ണദാസ്, വർക്കിങ് ജനറൽ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എം. വിനീത്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സക്കീർ ഹുസൈൻ, രത്നകല രത്നാകരൻ, നവാസ് പുത്തൻവീട്, ഫൈസൽ അമീൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്. പാലനി, അഹമ്മദ് പൂവിൽ, എം. സി. ദിനേശൻ, നിതിൻ തോമസ്, സംസ്ഥാന സെക്രട്ടറി ടി. വി. മനോജ് കുമാർ, വൈസ് പ്രസിഡന്റ് കെ. എം. സ്കറിയച്ചൻ, അബ്ദുൽ അസീസ് എർബാദ്, പി. ടി. അബ്ദുറഹ്മാൻ ഹാജി, സംസ്ഥാന സെക്രട്ടറി എൻ. ടി. കെ. ബാപ്പു, വി. ഗോപി, സി. എച്ച്. ഇസ്മായിൽ, അരുണ്‍ മല്ലർ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലാം ഹൈറ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്തു.
കെജിഎസ്എംഎ ട്രഷറർ സി. വി. കൃഷ്ണദാസ് ഗോൾഡ് ഹബിന്റെ കരട് റിപ്പോർട്ട് ചടങ്ങിൽ അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മജീഷ്യൻ ആർ. കെ. മലയത്തിന്റെ മകൻ റാക്കിൻ അവതരിപ്പിച്ച മാജിക് ഷോയും ശ്രദ്ധേയമായി. ചലച്ചിത്ര നടി നമിത പ്രമോദ് വ്യാപാരികൾക്കായുള്ള 'വൈബ്9' (Vibe9) വെബ്സൈറ്റിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.