സപ്ലൈകോയുടെ വിമൺസ് 11 സൂപ്പർ ഹിറ്റ് 10 ദിവസം കൊണ്ട് വിറ്റഴിച്ചത് രണ്ടര കോടിയുടെ ശബരി ഉൽപ്പന്നങ്ങൾ
സംസ്ഥാനത്തെ വനിതാ ജനപ്രതിനിധികൾക്കുള്ള ആദരസൂചകമായി സപ്ലൈകോ ഒരുക്കിയ വിമൺസ് 11 ഓഫറിന് വൻ ജനപ്രീതി. 11 ദിവസത്തെ ഓഫറിലൂടെ 1.77 ലക്ഷത്തിലധികം വനിതാ ഉപഭോക്താക്കൾ പദ്ധതിയുടെ ഭാഗമായി.
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികൾക്കുള്ള ആദരസൂചകമായി സപ്ലൈകോ നടപ്പാക്കിയ 'വിമൺസ് 11' പ്രത്യേക ഓഫർ വൻ വിജയത്തിലേക്ക്. മെയ് 11 മുതൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ 10 ദിവസത്തിനുള്ളിൽ രണ്ടര കോടി രൂപയുടെ ശബരി ഉൽപ്പന്നങ്ങളാണ് സപ്ലൈകോ വിറ്റഴിച്ചത്.
മെയ് 21 വരെ നീണ്ടുനിന്ന ഈ സവിശേഷ ഓഫറിലൂടെ 1,77,476 വനിതാ ഉപഭോക്താക്കളാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയത്. 11 ജനപ്രിയ ശബരി ഉൽപ്പന്നങ്ങൾ 11 ശതമാനം വിലക്കുറവിലാണ് വനിതകൾക്കായി സപ്ലൈകോ ലഭ്യമാക്കിയത്.
വനിതാ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത് ശബരി വെളിച്ചെണ്ണയ്ക്കാണ്. ഓഫർ കാലയളവിൽ 85,000 ലിറ്റർ വെളിച്ചെണ്ണയാണ് വിറ്റുപോയത്. ഇതിനുപുറമെ 35 ടണ്ണോളം ശബരി പുട്ടുപൊടിയും അപ്പം പൊടിയും ഉപഭോക്താക്കൾ വാങ്ങി. ശബരി വെളിച്ചെണ്ണ, അപ്പം പൊടി, പുട്ടുപൊടി എന്നിവയ്ക്ക് പുറമെ ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, കടുക്, ജീരകം, ശബരി ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയാണ് 11 ശതമാനം കിഴിവിൽ നൽകിയ മറ്റ് ഉൽപ്പന്നങ്ങൾ.
വനിതാ നേതൃത്വങ്ങളെ ആദരിക്കുന്നതിനൊപ്പം, സ്ത്രീകളുടെ സാമൂഹിക-കുടുംബ പങ്കാളിത്തത്തെ മുൻനിർത്തിയാണ് സപ്ലൈകോ ഇത്തരമൊരു വേറിട്ട പദ്ധതിക്ക് രൂപം നൽകിയത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പൊതുജനങ്ങളിൽ നിന്നും, പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നും മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.