ആലുവയിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി

ആലുവ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ബീഫ്, ചിക്കൻ, മീൻകറി എന്നിവ പിടികൂടി. നടപടികൾക്കെതിരെ പൗരാവകാശ പ്രവർത്തകർ രംഗത്ത്

ആലുവയിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി
ആലുവ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ബീഫ്, ചിക്കൻ, മീൻകറി എന്നിവ പിടികൂടി

പഴകിയ ഭക്ഷണം പിടികൂടി; നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന

ആലുവ: നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലുകളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. ഉപയോഗശൂന്യമായ ബീഫ്, ചിക്കൻ കറി, മീൻകറി, നെയ്ച്ചോറ്, ഫ്രൈഡ് ചിക്കൻ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

​ആളുകൾ എത്തുമ്പോൾ ചൂടാക്കി നൽകാനായി ഈ ഭക്ഷണങ്ങൾ ഫ്രീസറുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് നഗരസഭാധ്യക്ഷ സൈജി ജോളി മൂത്തേടൻ വ്യക്തമാക്കി. ആലുവയിൽ വന്നുപോകുന്ന യാത്രക്കാരാണ് ഇവിടെ കൂടുതലായി എത്തുന്നതെന്നും, അതിനാൽ അസുഖം ബാധിച്ചാലും പരാതിയുമായി എത്തുന്നവർ കുറവാണെന്നും അധികൃതർ അറിയിച്ചു.

​പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ ജനങ്ങൾക്കു കാണുന്നതിനായി നഗരസഭാങ്കണത്തിൽ പ്രദർശിപ്പിച്ച ശേഷം നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, എ.വി. സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. രണ്ടാഴ്ച മുൻപു നഗരത്തിൽ പറവൂർ കവല ഭാഗത്തെ മൂന്ന് ഹോട്ടലുകളിൽ നിന്നും സമാനമായ രീതിയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയിരുന്നു.

​പൗരാവകാശ പ്രവർത്തകരുടെ ആരോപണം

​ഇതേസമയം, ഹോട്ടലുകളിൽ നഗരസഭാധികൃതർ നടത്തുന്ന പരിശോധന പ്രഹസനമാണെന്നു സംശയിക്കുന്നതായി പൗരാവകാശ പ്രവർത്തകർ ആരോപിച്ചു. പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്ന ഹോട്ടലുകൾ താൽക്കാലികമായെങ്കിലും അടച്ചുപൂട്ടിക്കാതെ നാമമാത്രമായ പിഴ ഈടാക്കുന്നതിനു പിന്നിൽ രാഷ്ട്രീയ സമ്മർദവും ഉദ്യോഗസ്ഥരുടെ താൽപര്യങ്ങളും ഉണ്ടെന്നാണ് പ്രധാന ആരോപണം.