തിയേറ്ററുകളിലെ ഭക്ഷണത്തിന് അമിതവില ലുലു മാളിലെയടക്കം പരിശോധന

എറണാകുളത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വൻ റെയ്ഡ്. അമിതവില ഈടാക്കിയതിന് മൂന്ന് കഫേകൾക്കെതിരെ കേസെടുത്തു; പോപ്കോൺ വില കുറയ്ക്കാൻ തീരുമാനം

തിയേറ്ററുകളിലെ ഭക്ഷണത്തിന് അമിതവില ലുലു മാളിലെയടക്കം പരിശോധന
എറണാകുളത്തെ തിയേറ്ററുകളിൽ വൻ റെയ്ഡ്; ഭക്ഷണ സാധനങ്ങൾക്ക് അഞ്ചിരട്ടി വില, 3 കേസുകൾ രജിസ്റ്റർ ചെയ്തു

എറണാകുളത്തെ തിയേറ്ററുകളിൽ വൻ റെയ്ഡ്; ഭക്ഷണസാധനങ്ങൾ വിറ്റത് അഞ്ചിരട്ടി വിലയ്ക്ക്, 3 കേസുകൾ രജിസ്റ്റർ ചെയ്തു

എറണാകുളം: തിയേറ്ററുകളിലെ കഫേകളിൽ സിനിമാപ്രേമികളിൽ നിന്ന് ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായി ഉയർന്ന പരാതികളെ തുടർന്ന് ജില്ലയിൽ വ്യാപക റെയ്ഡ്. എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് തുടങ്ങിയ മൾട്ടിപ്ലക്സുകളിലും മറ്റ് തിയേറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പുകൾ ചേർന്ന പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

​പരിശോധനയിൽ തിയേറ്ററുകളിൽ വൻ വിലക്കയറ്റം നടക്കുന്നതായി കണ്ടെത്തി. മൾട്ടിപ്ലക്സുകളിൽ പോപ്‌കോൺ, ശീതളപാനീയങ്ങൾ എന്നിവയ്ക്ക് പൊതുവിപണിയേക്കാൾ 5 ഇരട്ടിയും, സാധാരണ തിയേറ്ററുകളിൽ രണ്ടിരട്ടിയും വില ഈടാക്കുന്നതായി സംഘം സ്ഥിരീകരിച്ചു. അളവിൽ കുറവ് വരുത്തൽ, വിലവിവരപ്പട്ടിക നിർദിഷ്ട രീതിയിൽ പ്രദർശിപ്പിക്കാതിരിക്കൽ എന്നീ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് കഫേകൾക്കെതിരെ കേസെടുത്തു. ഡിജിറ്റൽ സംവിധാനമായ ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ മാത്രം വിലയറിയുന്ന രീതി സാധാരണക്കാർക്ക് പ്രയാസമുണ്ടാക്കുന്നുവെന്നും ഉദ്യോഗസ്ഥർ നിരീക്ഷിച്ചു.

​വില അടിയന്തരമായി വിപണിനിരക്കിന് അനുസൃതമായി കുറയ്ക്കണമെന്ന് മാനേജ്‌മെന്റുകൾക്ക് ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകി. റിപ്പോർട്ട് ഉടൻ സർക്കാരിലേക്ക് സമർപ്പിക്കുമെന്നും മൂന്ന് തിയേറ്റർ മാനേജർമാർക്ക് നോട്ടീസ് നൽകിയതായും അവർ അറിയിച്ചു.

​റെയ്ഡിന് പിന്നാലെ, തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പോപ്പ്കോൺ 99 രൂപയ്ക്കും, ടിക്കറ്റുകൾ കുറഞ്ഞ നിരക്കിലും ലഭ്യമാക്കുമെന്ന് മൾട്ടിപ്ലക്സ് തിയേറ്റർ മാനേജ്‌മെന്റുകൾ അറിയിച്ചു. രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന വൈകിട്ട് 4 വരെ തുടർന്നു. വരും ദിവസങ്ങളിലും ജില്ലയിലെ കൂടുതൽ തിയേറ്ററുകളിൽ താലൂക്ക് സപ്ലൈ ഓഫീസർ വി.ആർ. ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി