പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 100 വർഷം തടവ് അന്വേഷണ സംഘത്തിന് ആദരം
കുന്നത്തുനാട് പോക്സോ കേസിൽ പ്രതിക്ക് 100 വർഷം ശിക്ഷ ഉറപ്പാക്കിയ പോലീസ് സംഘത്തെ ജില്ലാ പോലീസ് മേധാവി അനുമോദിച്ചു.
പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 100 വർഷം തടവ്; അന്വേഷണ സംഘത്തിന് ജില്ലാ പോലീസ് മേധാവിയുടെ ആദരം
കൊച്ചി: കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് നൂറു വർഷം തടവ് ശിക്ഷ വാങ്ങിക്കൊടുത്ത അന്വേഷണ സംഘത്തെ എറണാകുളം ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ അനുമോദിച്ചു. മികച്ച രീതിയിൽ അന്വേഷണം പൂർത്തിയാക്കി കുറ്റവാളിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കിയ ഉദ്യോഗസ്ഥർക്ക് അദ്ദേഹം അനുമോദന പത്രം കൈമാറി.
കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻ.കെ ജേക്കബ്, എ.എസ്.ഐമാരായ ഒ.പി അജിത, ഇ.എസ് ബിന്ദു, സീനിയർ സി.പി.ഒ കെ.ആർ പ്രിയ, സി.പി.ഒ ബിബിൻ മോഹൻ എന്നിവരടങ്ങിയ സംഘത്തെയാണ് ജില്ലാ പോലീസ് മേധാവി ആദരിച്ചത്.
അസം സ്വദേശിയായ ഗുലാം റബ്ബാനിക്കാണ് പോക്സോ കോടതി 100 വർഷം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്. 2020-2022 കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിലൂടെ പ്രതിയുടെ കുറ്റം തെളിയിക്കാൻ പോലീസിന് സാധിച്ചു. എ.എസ്.പി ഹാർദ്ദിക് മീണ, ഡിവൈഎസ്പി ബിജോയ് ചന്ദ്രൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ അനുമോദന ചടങ്ങിൽ പങ്കെടുത്തു

