സംസ്കൃത സര്‍വ്വകലാശാലയെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തണം മന്ത്രി ഡോ. ആര്‍. ബിന്ദു
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ വിവിധ വികസന പദ്ധതികള്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. അമിനിറ്റി സെന്റര്‍, ആംഫി തീയറ്റര്‍ എന്നിവ തുറന്നു.
സംസ്കൃത സര്‍വ്വകലാശാലയെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തണം: മന്ത്രി ഡോ. ആര്‍. ബിന്ദു
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ സവിശേഷമായ സാമൂഹ്യദൗത്യം തിരിച്ചറിഞ്ഞുകൊണ്ട് സര്‍വ്വകലാശാലയെ ലോകോത്തര നിലവാരത്തിലേയ്ക്കു് ഉയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കാലടി മുഖ്യ കാമ്പസില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആവിഷ്ക്കരിച്ച നിരവധിയായ പദ്ധതികളിലൂടെ കാലത്തിനനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നവവൈജ്ഞാനിക നിര്‍മ്മിതി നടത്തുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഗവേഷണ മേഖലയെ ശാക്തീകരിച്ച് ഗുണമേന്മ വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുത്തൻ പദ്ധതികൾ നാടിന് സമർപ്പിച്ചു
കേരള സര്‍ക്കാരിന്റെ പ്ളാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അമിനിറ്റി സെന്റര്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (CIAL) സി. എസ്. ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആംഫി തീയറ്റര്‍, സര്‍വ്വകലാശാലയിലെ ആര്‍ട്ട് ഗാലറി ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍ എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. കൂടാതെ പുതുതായി തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം, "രൂപകല്പന" ആശയാവതരണ പ്രോഗ്രാം എന്നിവയ്ക്കും തുടക്കമായി.
വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, നിര്‍മ്മാണ ചുമതല വഹിച്ച കോസ്റ്റ്ഫോര്‍ഡ് സീനിയര്‍ പ്രൊജക്ട് ഡയറക്ടര്‍ ടി. കെ. സ്കന്ദകുമാര്‍, സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സജി കെ. ജോര്‍ജ് എന്നിവരെ മന്ത്രി ആദരിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ. ബി. അശോക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, ആര്‍. അജയന്‍, ഡോ. എം. സത്യന്‍, ഡോ. മാത്യൂസ് ടി. തെള്ളി, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സര്‍വ്വകലാശാല നൃത്തവിഭാഗം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി

