16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ
മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹൊസ്ദുർഗ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ലഹരിക്കെതിരായ പോരാളിയുടെ മുഖംമൂടി അഴിഞ്ഞു; 16-കാരിയെ പീഡിപ്പിച്ച കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ
കാഞ്ഞങ്ങാട്: ലഹരിക്കെതിരെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നൽകി ശ്രദ്ധേയനായ മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പീഡനക്കേസിൽ പിടിയിൽ. മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹൊസ്ദുർഗ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
2022 സെപ്റ്റംബറിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൗൺസിലിങ്ങിനായി എത്തിച്ച പെൺകുട്ടിയെ കാഞ്ഞങ്ങാടുള്ള ഒരു ഹോട്ടലിൽ വെച്ച് ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടതിനെത്തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഫിലിപ്പ് മമ്പാട്, ലഹരി വിരുദ്ധ പോരാളിയെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിലുടനീളമുള്ള സ്കൂളുകളിലും കോളേജുകളിലും ഇയാൾ മോട്ടിവേഷണൽ ക്ലാസുകൾ നയിക്കാറുണ്ട്. ലഹരിക്കടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നു എന്ന വ്യാജേന ഇയാൾ ക്രൂരമായ ചൂഷണമാണ് നടത്തിയിരുന്നതെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.

