ലോക്‌സഭാ സീറ്റുകൾ 850 ആയേക്കും വനിതാ സംവരണ ബിൽ സഭയിൽ; കേരളത്തിന് 30 സീറ്റുകൾ ലഭിക്കുമെന്ന് കേന്ദ്രം
പാർലമെന്റിൽ വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ അവതരിപ്പിച്ചു. ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്താൻ നീക്കം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിഷേധം തുടരുന്നു.
ലോക്‌സഭയിൽ വനിതാ സംവരണ - മണ്ഡല പുനർനിർണയ ബില്ലുകൾ അവതരിപ്പിച്ചു; പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ പ്രക്ഷുബ്ധം
ന്യൂഡൽഹി: രാജ്യത്തെ പാർലമെന്ററി സംവിധാനത്തിൽ നിർണ്ണായക മാറ്റങ്ങൾ ലക്ഷ്യമിടുന്ന വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും ലോക്‌സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ബില്ലുകൾ സഭയുടെ മേശപ്പുറത്തുവച്ചത്. ബില്ലിന്മേലുള്ള വോട്ടെടുപ്പ് നാളെ വൈകിട്ട് നാലിന് നടക്കും.
ബിൽ അവതരണത്തിന് മുന്നോടിയായി നടന്ന വോട്ടെടുപ്പിൽ 251 പേർ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു. 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ 33% വനിതാ സംവരണം ഉറപ്പാക്കുന്നതിനായി ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനർനിർണയം ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കയും കേന്ദ്രത്തിന്റെ '50% ഫോർമുല'യും
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നത് ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയാൻ കാരണമാകുമെന്ന് ആശങ്കയുണ്ട്. എന്നാൽ, സീറ്റുകളിൽ 50% വർധന കൂടി ഉറപ്പാക്കുന്ന പ്രത്യേക ഫോർമുലയിലൂടെ ഈ ആശങ്ക പരിഹരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
പുതിയ ഫോർമുല പ്രകാരം കേരളത്തിലെ സീറ്റുകൾ 20-ൽ നിന്ന് 30 ആയി വർധിക്കുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. സാധാരണ മണ്ഡല പുനർനിർണയമാണെങ്കിൽ കേരളത്തിന് 23 സീറ്റുകൾ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ.
പ്രതിപക്ഷ നിലപാട്
മണ്ഡല പുനർനിർണയത്തിലൂടെ ബിജെപി ഭരണഘടനാ അട്ടിമറിക്കാണ് ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. മുസ്ലിം സംവരണം ഇല്ലാതാക്കാനും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് അമിത അധികാരം നൽകാനുമാണ് ഈ നീക്കമെന്ന് അസദുദ്ദീൻ ഒവൈസി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, എം.കെ. സ്റ്റാലിൻ തുടങ്ങിയ ദക്ഷിണേന്ത്യൻ നേതാക്കളും കേന്ദ്ര നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചു.
വിഷയത്തിൽ അടുത്ത 12 മുതൽ 18 മണിക്കൂർ വരെ ചർച്ച അനുവദിക്കുമെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു.

