നടിയെ ആക്രമിച്ച കേസ് ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് കേരള സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; പരമാവധി ശിക്ഷ വേണമെന്ന് ആവശ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. എട്ടാം പ്രതി ദിലീപ് അടക്കമുള്ള നാല് പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തും, കുറ്റക്കാരെന്ന് കണ്ടെത്തിയ പൾസർ സുനി ഉൾപ്പെടെയുള്ളവർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുമാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. വിചാരണ കോടതി വിധി വന്ന് 78-ാം ദിവസമാണ് സർക്കാർ നീക്കം.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ് വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ദിലീപ് (എട്ടാം പ്രതി), ചാർളി തോമസ് (ഏഴാം പ്രതി), മേസ്തിരി സനിൽ (ഒമ്പതാം പ്രതി), ശരത് (പതിനഞ്ചാം പ്രതി) എന്നിവരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കണ്ടാണ് വിചാരണ കോടതി വെറുതെ വിട്ടത്. ഇത് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ പ്രധാന ആവശ്യം.
സർക്കാരിന്റെ പ്രധാന വാദങ്ങൾ:
ദിലീപിന്റെ പങ്ക്: അതിജീവിതയ്ക്കെതിരെ നടന്ന ക്രൂരകൃത്യത്തിന്റെ മുഖ്യ ആസൂത്രകൻ ദിലീപാണെന്നും തന്റെ കുടുംബജീവിതം തകർത്തത് അതിജീവിതയാണെന്ന വൈരാഗ്യമാണ് ഇതിലേക്ക് നയിച്ചതെന്നും സർക്കാർ വാദിക്കുന്നു.
തെളിവുകൾ അവഗണിച്ചു: ദിലീപും പൾസർ സുനിയും വിവിധയിടങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുമുണ്ട്. എന്നാൽ ഇവയെല്ലാം വിചാരണ കോടതി തള്ളിക്കളഞ്ഞു.
ശിക്ഷ വർദ്ധിപ്പിക്കണം: ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് കോടതി നിലവിൽ 20 വർഷം കഠിനതടവാണ് വിധിച്ചിട്ടുള്ളത്. ഒരു സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള അതിക്രമത്തിന് നൽകിയ ഈ ശിക്ഷ കുറവാണെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിലുണ്ട്.
ഉദ്യോഗസ്ഥനെതിരെയുള്ള പരാമർശം: അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ വിചാരണ കോടതി നടത്തിയ വിമർശനങ്ങൾ നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കുറ്റക്കാർക്ക് കുറഞ്ഞ ശിക്ഷ നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു.

