മുഖ്യമന്ത്രിയോട് കെ.സി. വേണുഗോപാലിന്റെ 10 ചോദ്യങ്ങൾ; അമിത് ഷായുമായുള്ള രഹസ്യ കൂടിക്കാഴ്ച എന്തിന്?
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ തുറന്ന കത്ത്. ബിജെപി ബന്ധം ആരോപിച്ച് പത്ത് ചോദ്യങ്ങൾ.
മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങൾ; അമിത് ഷായുമായുള്ള രഹസ്യ കൂടിക്കാഴ്ച എന്തിന്? ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ
നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ബിജെപി നേതൃത്വവുമായി മുഖ്യമന്ത്രി നടത്തിയത് 'ഡീൽ' രാഷ്ട്രീയമാണെന്ന് ആരോപിച്ച് പത്ത് ചോദ്യങ്ങളാണ് തുറന്ന കത്തിലൂടെ വേണുഗോപാൽ ഉന്നയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ രഹസ്യ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്തായിരുന്നു എന്ന് വെളിപ്പെടുത്തണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ ഒഴിവാക്കി അമിത് ഷായുടെ വസതിയിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ചയിലാണ് രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന് അടിത്തറയിട്ടതെന്ന് അദ്ദേഹം ആരോപിച്ചു.
കത്തിലെ പ്രധാന ചോദ്യങ്ങൾ:
അമിത് ഷായുമായുള്ള കൂടിക്കാഴ്ച: ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ അമിത് ഷായുടെ വസതിയില്‍ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ അജന്‍ഡ എന്തായിരുന്നു? അവിടെയാണോ ബിജെപിയുമായുള്ള 'ഡീല്‍' രൂപപ്പെട്ടത്?
നിര്‍മല സീതാരാമനുമായുള്ള വിരുന്ന്: കേരള ഹൗസില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രഭാത ഭക്ഷണ വിരുന്നു നല്‍കിയത് എന്ത് ഉറപ്പിക്കാനായിരുന്നു?
നിതിൻ ഗഡ്കരിയുമായുള്ള ബന്ധം: ഔദ്യോഗിക ചർച്ചകൾക്ക് പുറമെ ഡൽഹിക്ക് പുറത്ത് വെച്ച് നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ?
പിഎം ശ്രീ പദ്ധതി: സ്വന്തം മുന്നണിയിലെ സിപിഐയുടെ എതിർപ്പ് മറികടന്ന് ബിജെപി സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ വാശിപിടിച്ചത് ആരുടെ തടി രക്ഷിക്കാനാണ്?
ശ്രീ എം മധ്യസ്ഥത: തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിൽ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ബിജെപി നേതാക്കളുമായി ഉണ്ടാക്കിയ ധാരണകൾ ജനങ്ങളോട് വെളിപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ആർജവമുണ്ടോ?
അന്വേഷണ ഏജൻസികൾ: സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെ കേന്ദ്ര അന്വേഷണം പാതിവഴിയിൽ നിലച്ചത് ആരുടെ ഇടപെടൽ മൂലമാണ്? അന്വേഷണ ഏജൻസികൾക്കെതിരെ പ്രഖ്യാപിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷൻ വെറും കണ്ണിൽ പൊടിയിടലായിരുന്നോ?
ബിജെപിയുമായി രഹസ്യ ധാരണയിലെത്തിയ ശേഷം മുഖ്യമന്ത്രിയും സംഘവും സിപിഐയെയും കേരളത്തിലെ ജനങ്ങളെയും കബളിപ്പിക്കുകയാണെന്നും വേണുഗോപാൽ കത്തിൽ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് വേളയിൽ ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

