ഗുരുവായൂർ കെ.എസ്.ആർ.ടി.സിക്ക് പുത്തൻ മുഖം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.ബി. ഗണേഷ് കുമാർ

ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പുതിയ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഡ്രൈവിംഗ് സ്കൂൾ ഉദ്ഘാടനവും മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവ്വഹിച്ചു. കെ.എസ്.ആർ.ടി.സിയുടെ പുതിയ വികസന പദ്ധതികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും മന്ത്രി സംസാരിച്ചു.

ഗുരുവായൂർ കെ.എസ്.ആർ.ടി.സിക്ക് പുത്തൻ മുഖം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.ബി. ഗണേഷ് കുമാർ
ഗുരുവായൂർ കെ.എസ്.ആർ.ടി.സിക്ക് പുത്തൻ മുഖം: ബഹുനില മന്ദിരത്തിന് ശിലാസ്ഥാപനം; ഡ്രൈവിംഗ് സ്കൂൾ ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.ബി. ഗണേഷ് കുമാർ

ഗുരുവായൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകൾ മികച്ച വിജയത്തിലേക്ക് കുതിക്കുകയാണെന്നും ചുരുങ്ങിയ കാലയളവിനുള്ളിൽ 2.48 കോടി രൂപയുടെ വരുമാനം നേടാനായെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എൻ.കെ. അക്ബർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും പുതിയ ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ഇതുവരെ 7,587 പേർ കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകളിൽ രജിസ്റ്റർ ചെയ്തു. ഇതിൽ 3,282 പേർ പഠനം പൂർത്തിയാക്കി ലൈസൻസ് നേടി. ടെസ്റ്റ് എഴുതിയവരിൽ 89 ശതമാനം പേരും വിജയിച്ചു എന്നത് കെ.എസ്.ആർ.ടി.സിയുടെ പരിശീലന മികവിനെയാണ് കാട്ടുന്നതെന്ന് മന്ത്രി പറഞ്ഞു. മിതമായ നിരക്കിൽ ഗുണമേന്മയുള്ള പരിശീലനം നൽകുന്നതിനൊപ്പം എസ്.സി/എസ്.ടി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 20 ശതമാനവും ജീവനക്കാർക്ക് 5 ശതമാനവും ഫീസിളവ് അനുവദിക്കുന്നുണ്ട്.

​യാത്രക്കാർക്കായി പുത്തൻ പദ്ധതികൾ:

​ബിസിനസ് ക്ലാസ് ബസുകൾ: ടോയ്‌ലറ്റ് സൗകര്യം, പാൻട്രി, സീറ്റിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം എന്നിവയുള്ള അത്യാധുനിക ബിസിനസ് ക്ലാസ് ബസുകൾ ഉടൻ നിരത്തിലിറങ്ങും.

​ഡബിൾ ഡെക്കർ ബസുകൾ: തൃശ്ശൂർ നഗരത്തിനായി രണ്ട് ഡബിൾ ഡെക്കർ ബസുകൾ ഉടൻ ലഭ്യമാക്കും.

​ഗുരുവായൂരിലെ പുതിയ മന്ദിരം: 6,800 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ 6 സ്യൂട്ട് റൂമുകൾ, ഡോർമെറ്ററി, റെസ്റ്റോറന്റ്, ആധുനിക ശൗചാലയങ്ങൾ എന്നിവ സജ്ജീകരിക്കും.

​ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ കാര്യക്ഷമത വർധിപ്പിച്ചും ജീവനക്കാരുടെ സഹകരണത്തോടെയുമാണ് കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽ നിന്ന് കരകയറ്റുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി സി.എം.ഡി പി.എസ്. പ്രമോജ് ശങ്കർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.