രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ നീക്കം നിഷികാന്ത് ദുബെ പ്രമേയം അവതരിപ്പിച്ചു

രാഹുൽ ഗാന്ധിയുടെ സഭാംഗത്വം റദ്ദാക്കണമെന്നും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചു. സഭാ ചരിത്രവും ചട്ടങ്ങളും പരിശോധിക്കുന്നു

രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ നീക്കം നിഷികാന്ത് ദുബെ പ്രമേയം അവതരിപ്പിച്ചു
രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ നീക്കം നിഷികാന്ത് ദുബെ പ്രമേയം അവതരിപ്പിച്ചു

രാഹുൽ ഗാന്ധിയെ പുറത്താക്കാൻ ബിജെപി നീക്കം; പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചു

​ന്യൂഡൽഹി: ബജറ്റ് ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് പുറത്താക്കാനുള്ള നീക്കവുമായി ഭരണപക്ഷം. രാഹുലിന്റെ സഭാംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ സഭയിൽ പ്രമേയം അവതരിപ്പിച്ചു.

​രാഹുൽ ഗാന്ധി 'അർബൻ നക്സൽ' ആണെന്നും സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെയും സ്പീക്കറെയും അപകീർത്തിപ്പെടുത്തുന്നുവെന്നും ദുബെ ആരോപിച്ചു. ഇന്ത്യ വിരുദ്ധനായി അറിയപ്പെടുന്ന ജോർജ് സോറോസുമായി രാഹുലിന് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സഭാ ചട്ടം 352 പ്രകാരമാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർക്കെതിരെ അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ഉന്നയിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് ഈ ചട്ടം.

​പ്രമേയം പരിശോധിച്ച ശേഷം സ്പീക്കറാണ് തുടർനടപടി തീരുമാനിക്കുക. ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് തോന്നിയാൽ വിഷയം സഭയുടെ അവകാശ സമിതിക്കോ (Privilege Committee) എത്തിക്സ് കമ്മിറ്റിക്കോ വിടാം. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഭയാകും അന്തിമ നടപടി സ്വീകരിക്കുക.

​ചരിത്രം ആവർത്തിക്കുമോ?

സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയിൽ പെരുമാറിയതിന് മുൻപ് പല അംഗങ്ങളെയും പാർലമെന്റ് പുറത്താക്കിയിട്ടുണ്ട്. ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ 2023-ൽ മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കിയിരുന്നു. സമാനമായ രീതിയിൽ 2005-ൽ 11 എംപിമാരെയും പുറത്താക്കിയിരുന്നു.

​1978-ൽ അവകാശ ലംഘന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും ലോക്സഭയിൽ നിന്ന് പുറത്താക്കി ഏഴു ദിവസം തടവിനു ശിക്ഷിച്ചിരുന്നു. സഞ്ജയ് ഗാന്ധിയുടെ മാരുതി ലിമിറ്റഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വിവരങ്ങൾ ശേഖരിച്ച ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നതായിരുന്നു അന്നത്തെ ആരോപണം. എന്നാൽ 1981-ൽ ഇന്ദിരാ ഗാന്ധി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ പ്രമേയം റദ്ദാക്കി.

​2023 മാർച്ചിലും രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടിരുന്നു. മോദി പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്നായിരുന്നു അത്. എന്നാൽ സുപ്രീം കോടതി ശിക്ഷ സ്റ്റേ ചെയ്തതോടെ അംഗത്വം പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു