പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ് ആറ് പേർ പിടിയിൽ
പെരുമ്പാവൂർ മുടിക്കലിൽ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആസ്സാം സ്വദേശി നുർ ഹുസൈനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സഹതൊഴിലാളികളായ ആറ് പേരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു
പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസ്: ആറ് പേർ അറസ്റ്റിൽ
പെരുമ്പാവൂർ: മോഷണക്കുറ്റം ആരോപിച്ച് ആസ്സാം സ്വദേശിയായ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ആറ് പേരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മുടിക്കൽ ഭാഗത്തുള്ള പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ വെളുപ്പിനായിരുന്നു ദാരുണമായ സംഭവം നടന്നത്. ആസ്സാം സ്വദേശിയായ നുർ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ആസ്സാം സ്വദേശികളായ അലാവുദ്ദീൻ (32), ജാക്കിർ ഹുസൈൻ (42), ഹബീബുദ്ദീൻ (32), മുസമ്മിൽ ഹഖ് (27), ഹച്ചെൻ അലി (37), മിനാറുൾ (32) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
പ്രതികളുടെ മൊബൈൽ ഫോണുകളും പണവും നുർ ഹുസൈൻ മോഷ്ടിച്ചു എന്നാരോപിച്ച് ഇയാളെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തെത്തുടർന്നാണ് മരണം സംഭവിച്ചത്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദ്ദേശാനുസരണം പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. പെരുമ്പാവൂർ ഇൻസ്പെക്ടർ അനിൽകുമാർ എൽ, എസ്.ഐമാരായ പ്രവീൺ പ്രകാശ്, അർജുൻ എസ്.എൽ, അബ്ദുൾ ജലീൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

