ആഗോള അയ്യപ്പ സംഗമം ഫണ്ട് വിവാദം 2 കോടി രൂപ തിരിച്ചടച്ചില്ലെന്ന് മന്ത്രി വി.എൻ. വാസവൻ
പമ്പ ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോർഡ് വകമാറ്റിയ 5 കോടി രൂപയിൽ 3 കോടി മാത്രമാണ് തിരിച്ചടച്ചതെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ.
ആഗോള അയ്യപ്പ സംഗമം: 5 കോടിയിൽ 2 കോടി തിരിച്ചടച്ചില്ലെന്ന് മന്ത്രി; നിയമസഭയിൽ തിരുത്തൽ
തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോർഡിന്റെ ജനറൽ ഫണ്ടിൽനിന്ന് മാറ്റിയ 5 കോടി രൂപയിൽ 2 കോടി രൂപ ഇനിയും തിരിച്ചടയ്ക്കാനുണ്ടെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. 2025 ഒക്‌ടോബർ 17-ന് മൂന്ന് കോടി രൂപ മാത്രമാണ് തിരിച്ചടച്ചത്. ബാക്കി തുക കൂടി ഉൾപ്പെടെ 2,72,40,912 രൂപ നിലവിൽ സംഗമത്തിന്റെ പ്രത്യേക അക്കൗണ്ടിലുണ്ടെന്നും കണക്കുകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇത് ജനറൽ ഫണ്ടിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, മുഴുവൻ തുകയും തിരിച്ചടച്ചുവെന്നായിരുന്നു മന്ത്രി സഭയിൽ നൽകിയ മറുപടി. ഇത് വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അവകാശലംഘന നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി കണക്കുകൾ തിരുത്തി അറിയിച്ചത്.
സ്‌പോൺസർഷിപ്പ് തുകയിൽ വൈരുദ്ധ്യം
അയ്യപ്പ സംഗമത്തിനായി ബോർഡിന്റെ പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശം ലംഘിക്കപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു. ധനലക്ഷ്മി ബാങ്ക്, കേരള ബാങ്ക്, അദാനി പോർട്ട് ട്രസ്റ്റ് എന്നിവരിൽ നിന്നായി 3,82,74,575 രൂപ സ്‌പോൺസർഷിപ്പായി ലഭിച്ചെന്നാണ് ദേവസ്വം മന്ത്രി അറിയിച്ചത്. എന്നാൽ, കേരള ബാങ്ക് സ്‌പോൺസർഷിപ്പ് തുക നൽകിയിട്ടില്ലെന്ന് സഹകരണ മന്ത്രി കൂടിയായ വി.എൻ. വാസവൻ തന്നെ മറ്റൊരു മറുപടിയിൽ വ്യക്തമാക്കിയത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഗമത്തിനായി ഇതുവരെ 3,12,76,440 രൂപ ചെലവായതായും ഇതിൽ 3 കോടി രൂപ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് മുൻകൂറായി നൽകിയതായും മന്ത്രി അറിയിച്ചു.

