ഓച്ചിറയിൽ നടുറോഡിൽ ഗുണ്ടാ ആക്രമണം ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊന്നു

കൊല്ലം ഓച്ചിറയിൽ ജനങ്ങൾ നോക്കിനിൽക്കെ ഗുണ്ടാസംഘം കാർ ഇടിച്ചു വീഴ്ത്തിയ ശേഷം യുവാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ രണ്ടാം പ്രതി മഠത്തിൽക്കാരായ്മ സ്വദേശി അലുവ അതുൽ (31) ആണ് കൊല്ലപ്പെട്ടത്.

ഓച്ചിറയിൽ നടുറോഡിൽ ഗുണ്ടാ ആക്രമണം ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊന്നു
കൊല്ലം ഓച്ചിറയിൽ ജനങ്ങൾ നോക്കിനിൽക്കെ ഗുണ്ടാസംഘം കാർ ഇടിച്ചു വീഴ്ത്തിയ ശേഷം യുവാവിനെ വെട്ടിക്കൊന്നു.

കരുനാഗപ്പള്ളി: ഒന്നര മിനിറ്റ് നീണ്ട ക്രൂരതയ്ക്കൊടുവിൽ ഓച്ചിറയിൽ യുവാവിന് ദാരുണാന്ത്യം. ജിം സന്തോഷ് വധക്കേസിലെ രണ്ടാം പ്രതി മഠത്തിൽക്കാരായ്മ കൃഷ്ണവിലാസം വീട്ടിൽ അലുവ അതുൽ (31) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11.15-ഓടെ പുതിയകാവിൽ നിർമാണം നടക്കുന്ന ദേശീയപാതയിലെ സർവീസ് റോഡിലായിരുന്നു സംഭവം.

​കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട ശേഷം മടങ്ങുകയായിരുന്നു അതുലും സുഹൃത്തും ജിം സന്തോഷ് വധക്കേസിലെ മറ്റൊരു പ്രതിയുമായ മനുവും. ഇവരുടെ കാറിനെ പിന്തുടർന്നെത്തിയ അക്രമിസംഘം സർവീസ് റോഡിൽ വെച്ച് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ വലതുവശത്തെ കുഴിയിലേക്ക് മറിഞ്ഞു.

​തുടർന്ന് പുറകിലെ ഗ്ലാസ് തകർത്ത് നാലംഗ സംഘം അതുലിനെ വലതുവശത്തുകൂടി പുറത്തേക്ക് തള്ളിയിറക്കി. റോഡിലിട്ട് തലങ്ങും വിലങ്ങും വെട്ടിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. മുഖം മറയ്ക്കാതെയായിരുന്നു ആക്രമണം. ദേശീയപാതയിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോയെങ്കിലും ആരും തടയാൻ മുതിർന്നില്ല. അക്രമിസംഘം പോയതിന് ശേഷം ആളുകൾ ഓടിക്കൂടിയെങ്കിലും രക്തം വാർന്ന് കിടന്ന അതുലിനെ ആശുപത്രിയിലെത്തിക്കാൻ വൈകി. പിന്നീട് പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ മനു ചികിത്സയിലാണ്. പഴയകാല കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.