​കേരളത്തിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് വർദ്ധിക്കുന്നു മാതാപിതാക്കളും അധ്യാപകരും ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

ജില്ലയിലെ സ്കൂൾ കുട്ടികളിൽ മുണ്ടിനീര് (Mumps) റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ പി.വി. അറിയിച്ചു. രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും വായിക്കാം.

​കേരളത്തിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് വർദ്ധിക്കുന്നു മാതാപിതാക്കളും അധ്യാപകരും ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

കുട്ടികളിൽ മുണ്ടിനീര് പടരുന്നു: അതീവ ജാഗ്രത വേണമെന്ന്  മെഡിക്കൽ ഓഫീസർ

കൊച്ചി : ജില്ലയിലെ സ്കൂൾ കുട്ടികളിൽ മുണ്ടിനീര് (Mumps) കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിദ്യ പി.വി. അറിയിച്ചു. വായുവിലൂടെ പകരുന്ന പാരമിക്‌സോ വൈറസ് (Paramyxovirus) മൂലമുണ്ടാകുന്ന ഈ അണുബാധ പ്രധാനമായും ഉമിനീര്‍ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്.

​കുട്ടികളിലാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവർക്കും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് തൊട്ടുമുമ്പും, വീക്കം ആരംഭിച്ചതിന് ശേഷം 4 മുതൽ 6 ദിവസം വരെയുമാണ് രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് പടരാൻ കൂടുതൽ സാധ്യതയുള്ളത്.

​പ്രധാന ലക്ഷണങ്ങൾ

​ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിൽ (ഒരു വശത്തോ ഇരു വശങ്ങളിലോ) ഉണ്ടാകുന്ന വീക്കവും വേദനയുമാണ് മുണ്ടിനീരിന്റെ പ്രധാന ലക്ഷണം.

​ചെറിയ പനിയും തലവേദനയും പ്രാരംഭ ലക്ഷണങ്ങളായി കാണപ്പെടുന്നു.

​വായ തുറക്കുന്നതിനും, ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിനും, വെള്ളമിറക്കുന്നതിനും കടുത്ത പ്രയാസം അനുഭവപ്പെടും.

​ക്ഷീണം, പേശി വേദന, വിശപ്പില്ലായ്മ എന്നിവയും ഉണ്ടാകാം.

ശ്രദ്ധിക്കുക: പല്ലുവേദനയോ തൊണ്ടവേദനയോ ആണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിക്കരുത്. ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

​അശ്രദ്ധ വരുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ

​കൃത്യമായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി (Pancreas) എന്നിവയെ ഈ അണുബാധ ബാധിക്കാം. ഇത് ഭാവിയിൽ കേൾവി തകരാറിനും പ്രത്യുൽപാദന തകരാറുകൾക്കും കാരണമായേക്കാം. തലച്ചോറിനെ ബാധിച്ചാൽ 'എൻസഫലൈറ്റിസ്' (Encephalitis) എന്ന ഗുരുതരമായ അവസ്ഥയ്ക്കും സാധ്യതയുണ്ട്.

​രോഗ പകർച്ച ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

​പൂർണ്ണ വിശ്രമം: അസുഖ ബാധിതർ പൂർണ്ണമായും ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം.

​കുട്ടികളെ സ്കൂളിൽ വിടരുത്: രോഗബാധിതരായ കുട്ടികളെ യാതൊരു കാരണവശാലും സ്കൂളുകളിൽ അയക്കരുത്.

​അധ്യാപകരുടെ ശ്രദ്ധയ്ക്ക്: സ്കൂളുകളിൽ കുട്ടികൾക്ക് രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ ഉടൻ തന്നെ രക്ഷിതാക്കളെയും ആരോഗ്യപ്രവർത്തകരെയും വിവരമറിയിക്കണം. പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികൾ കുടിവെള്ളം പങ്കിടാൻ അനുവദിക്കരുത്.

​വസ്തുക്കൾ അണുവിമുക്തമാക്കുക: രോഗി ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ അണുവിമുക്തമാക്കുക.

ഭക്ഷണക്രമം: രോഗികൾ ധാരാളം വെള്ളം കുടിക്കുക. എന്നാൽ പുളിപ്പുള്ള പഴച്ചാറുകൾ ഒഴിവാക്കണം. ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ആഹാരങ്ങൾ നൽകുക.

​വേദനയ്ക്ക് ആശ്വാസം: കവിളിലെ നീരും വേദനയും കുറയ്ക്കാൻ ഇളം ചൂടുള്ള ഉപ്പുവെള്ളം കവിൾക്കൊള്ളുക. ഐസ് വെക്കുന്നതോ ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ഒത്തം കൊടുക്കുന്നതോ വേദനയ്ക്ക് ആശ്വാസം നൽകും.

​തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിലൂടെയും രോഗിയുടെ വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം എന്നതിനാൽ വ്യക്തിശുചിത്വവും മുൻകരുതലുകളും കർശനമായി പാലിക്കണമെന്ന് ഡി.എം.ഓ. ഓർമ്മിപ്പിച്ചു.