​ചിക്കുൻഗുനിയ എറണാകുളത്ത് ജാഗ്രതാ നിർദ്ദേശം കുന്നുകരയിലും ചെങ്ങമനാട്ടിലും രോഗബാധ

എറണാകുളം ജില്ലയിലെ കുന്നുകര, ചെങ്ങമനാട് ഭാഗങ്ങളിൽ ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തു. ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ

​ചിക്കുൻഗുനിയ എറണാകുളത്ത് ജാഗ്രതാ നിർദ്ദേശം കുന്നുകരയിലും ചെങ്ങമനാട്ടിലും രോഗബാധ
എറണാകുളം ജില്ലയിലെ കുന്നുകര, ചെങ്ങമനാട് ഭാഗങ്ങളിൽ ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തു

ചിക്കുൻഗുനിയക്കെതിരെ ജാഗ്രത പാലിക്കണം

ജില്ലയിൽ കുന്നുകര, ചെങ്ങമനാട് എന്നിവിടങ്ങളിൽ ചിക്കുൻ ഗുനിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്. ഇതുവരെ 9 സ്ഥിരീകരിച്ച കേസുകളും 19 സംശയിക്കുന്ന കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുന്നുകര പഞ്ചായത്തിൽ 24 (18- സംശയിക്കുന്നത് , 6 സ്ഥിരീകരിച്ചത്) ചെങ്ങമനാട് 4 ( സ്ഥിരീകരിച്ചത് -3, സംശയിക്കുന്നത് -1) കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .

 രോഗബാധിത പ്രദേശങ്ങളിൽ പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരികയാണ് . 

രോഗലക്ഷണങ്ങൾ

പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളിൽ (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ , കാൽ മുട്ടുകൾ), എന്നിവിടങ്ങളിൽ വീക്കം അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം , ചില ആളുകളിൽ ചർമത്തിൽ തടിപ്പ് എന്നിവയാണ് ചിക്കുൻഗുനിയുടെ രോഗലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക.

രോഗബാധിതർ ശ്രദ്ധിക്കുക

സ്വയം ചികിത്സ പാടില്ല .ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ വേദനസംഹാരികൾ പോലെയുള്ള മരുന്നുകൾ വാങ്ങി കഴിക്കരുത്. യഥാസമയം ചികിത്സ തേടുന്നത് രോഗനിർണ്ണയത്തിനും ചികിത്സക്കും പ്രധാനമാണ്.

പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.നന്നായി വെള്ളം കുടിക്കുകയും പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും വേണം.

രോഗ പ്രതിരോധത്തിന് ഉറവിട നശീകരണം പ്രധാനം

ഈഡിസ് വിഭാഗത്തിൽ പെട്ട ഈഡിസ് ഈജിപ്തി / ആൽബോപിക്റ്റസ്കൊതുകുകൾ പരത്തുന്ന വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ചിക്കുൻഗുനിയ.  

ഉറവിട നശീകരണം പ്രധാനം

 ഈഡിസ് കൊതുകുകളാണ് രോഗകാരണമെന്നതിനാൽ ഉറവിട നശീകരണവും പകൽ സമയത്ത് കൊതുക് കടിയിൽ നിന്നു സംരക്ഷണം തേടുന്നതും രോഗപ്രതിരോധത്തിന് പ്രധാനമാണ്.

ഈഡിസ് കൊതുക് ഒരു സമയം 100-200 മുട്ടകൾ വരെ ഇടും. അതിന്റെ ജീവിതകാലത്ത് 500 മുതൽ 1000 മുട്ട വരെ ഇടാം. ഈ മുട്ടകൾ ഒരുവർഷം വരെ കേടുകൂടാതെയിരിക്കും. മുട്ടയിട്ട് വെക്കുന്ന പ്രതലത്തിൽ വെള്ളം ലഭിച്ചാൽ

ഒരു ആഴ്‌ച കൊണ്ട് കൊതുകായി‌മാറും.വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടയിലും വൈറസ് ഉണ്ടാകും.

ആഴ്‌ചതോറുമുള്ള ഉറവിട നശീകരണം ചിക്കുൻഗുനിയ രോഗ പ്രതിരോധത്തിൽ പ്രധാനമാണ്.

 മനുഷ്യരുടെ വാസസ്ഥലത്തോട് ചേർന്നാണ് ഈ കൊതുകുകൾ കൂടുതലായും കാണുന്നത് എന്നതിനാൽ വീടിനുള്ളിലും പരിസരത്തും കൊതുകു മുട്ടയിട്ടു പെരുകാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം. എത്ര ചെറിയ അളവ് വെള്ളത്തിലും ഈ കൊതുകുകൾ മുട്ടയിട്ടു പെരുകും. വേനൽ മഴ ഇടവിട്ടു പെയ്യുന്നതിനാൽ മഴക്ക് ശേഷം വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങളുണ്ടോയെന്ന് പരിശോധിച്ച് അവ ഇല്ലാതാക്കണം.   

വീടിന് പരിസരത്ത് ഉള്ള പാഴ് വസ്തുക്കളിൽ മാത്രമല്ല, വെള്ളം നിറച്ചുവെക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, മണിപ്ലാൻ്റുകൾ പോലെയുള്ള അലങ്കാര ചെടികൾ വെള്ളത്തിൽ വളർത്തുന്ന പാത്രങ്ങൾ, ചെടിച്ചട്ടി, ചെടിച്ചട്ടിയുടെ ട്രേ ,ജലസസ്യങ്ങൾ വളർത്തുന്ന തൊടികളിലും മറ്റും കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകാം. കെട്ടിടം പണി പോലെയുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വെള്ളം ശേഖരിക്കുന്ന വീപ്പുകളിലും മറ്റും കൊതുക് മുട്ടയിട്ട് പെരുകാൻ ഇടയുണ്ട്. റബർ തോട്ടങ്ങളിലെ ചിരട്ടകൾ പാൽ ശേഖരിച്ച ശേഷം കമഴ്ത്തിവെക്കാൻ ശ്രദ്ധിക്കാത്തതും ഉപയോഗശൂന്യമായ ചിരട്ടകൾ തോട്ടത്തിൽ വലിച്ചെറിയുന്നതും കൊതുകിന്റെ ഉറവിടങ്ങൾ ആകാറുണ്ട്.

 പ്രതിവാര ഉറവിട നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു ഇടങ്ങളിലും ആക്രിക്കടകൾ അടക്കമുള്ള കടകളുടെ പരിസരത്തും ടയറുകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിച്ചു കണ്ടെത്തി ഒഴിവാക്കേണ്ടതാണ്.

കൊതുകു പെരുകുന്ന സാഹചര്യം ഉണ്ടെങ്കിൽ നിയമനടപടി നേരിടേണ്ടി വരും

പൊതുജനാരോഗ്യ നിയമം 2023 പ്രകാരം വീടുകളുടെയും സ്ഥാ പ നങ്ങളുടെയും തോട്ടങ്ങളുടെയും പരിസരത്ത് കൊതുകു പെരുകാനുള്ള സാഹചര്യങ്ങൾ ഉണ്ടായാൽ 10,000 രൂപ വരെ പിഴയടയ്ക്കേണ്ടിവരും.

പ്രതിരോധ മാർഗങ്ങൾ

• വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.

►കൊതുകുകൾ മുട്ടയിടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. (ഉദാഹരണത്തിന്: വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ, ടയറുകൾ, ചിരട്ടകൾ എന്നിവ നീക്കം ചെയ്യുക).

► വീട്ടിലെ ജല സംഭരണികൾ അടച്ചു വെക്കുക.

• ആഴ്ചയിലൊരിക്കൽ അലങ്കാര ചെടികൾ വളർത്തുന്ന പാത്രങ്ങളിലെ വെള്ളം മാറ്റണം. വെള്ളത്തിന് പകരം മണ്ണിട്ട് ഇവ വളർത്തുന്നതാണ് ഉചിതം.

• ചെടിച്ചട്ടി, ചെടിച്ചട്ടി യുടെ ട്രേ എന്നിവയിൽ കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യുക 

• വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങൾ കൊതുകുകടക്കാത്തവിധം അടച്ചു സൂക്ഷിക്കുകയും നന്നായി ഉരച്ചു കഴുകി വൃത്തിയാക്കുകയും വേണം 

• ഉപയോഗ ശൂന്യമായ ടയറുകൾ മണ്ണിട്ട് നിറക്കുകയോ വെള്ളം കെട്ടിനിൽക്കാത്തരീതിയിൽ സൂക്ഷിക്കുകയും വേണം 

• ഉപയോഗ ശൂന്യമായ വസ്തുക്കൾ പരിസരത്തുനിന്ന് നീക്കം ചെയ്യുകയോ വെള്ളം കെട്ടിനിൽക്കാത്തവിധം കമഴ്ത്തി സൂക്ഷിക്കുകയോ ചെയ്യുക.

► പകൽ സമയത്തും കൊതുക് കടിയിൽ നിന്ന് രക്ഷ നേടാൻ കൊതുക് വലകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കുക.

► ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.

► പകൽ സമയത്തും കൊതുകുകൾ കടിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

► എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തുക.

കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹകരിക്കുക.

► ചിക്കുൻഗുനിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.

ചിക്കുൻഗുനിയയെ പ്രതിരോധിക്കാൻ കൂട്ടായ ശ്രമം അനിവാര്യമാണ്. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ച ഓഫീസുകളിലും, പൊതുസ്ഥലങ്ങളിലും, ഞായറാഴ്ച വീടുകളിലും ഉറവിട നശീകരണത്തിനായുള്ള ഡ്രൈ ഡേ കൃത്യമായി നടത്തുക. പൊതുജനങ്ങളുടെ സഹകരണത്തോടെ ഈ രോഗത്തെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)എറണാകുളം