വയനാട് മൺസൂൺ മാരത്തോൺ: വി.കെ. സന്ദീപും അഞ്ജു മുരുകനും ജേതാക്കൾ ആവേശമായി രാജ്യാന്തര താരങ്ങളും കുട്ടിപ്പടയും
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച ആദ്യ വയനാട് മൺസൂൺ മാരത്തോണിൽ വി.കെ. സന്ദീപും അഞ്ജു മുരുകനും ജേതാക്കളായി. എത്യോപ്യൻ താരം ഉൾപ്പെടെ 250ഓളം പേർ പങ്കെടുത്തു.
വയനാട് മൺസൂൺ മാരത്തോൺ ആവേശക്കടലായി; വി.കെ. സന്ദീപും അഞ്ജു മുരുകനും വിജയികൾ
കൽപ്പറ്റ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച പ്രഥമ 'വയനാട് മൺസൂൺ മാരത്തോൺ' കായികപ്രേമികൾക്ക് ആവേശമായി. ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച മാരത്തോണിൽ അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടെ ഇരുനൂറ്റമ്പതോളം കായികപ്രതിഭകൾ അണിനിരന്നു. പുരുഷന്മാരുടെ ഹാഫ് മാരത്തോണിൽ വി.കെ. സന്ദീപും വനിതകളുടെ വിഭാഗത്തിൽ അഞ്ജു മുരുകനും ജേതാക്കളായി.
ഇന്റർനാഷണൽ മാരത്തോൺ താരമായ എത്യോപ്യൻ സ്വദേശി മിക്യാസ് എമാത്ത ഉൾപ്പെടെ കേരളത്തിന് പുറത്തുനിന്നുള്ള നിരവധി പ്രമുഖർ മത്സരത്തിൽ പങ്കെടുത്തു. മാരത്തോൺ വിജയകരമായി പൂർത്തിയാക്കിയ ആലുവ സ്വദേശിനിയായ എട്ടുവയസ്സുകാരി ഫാത്തിമ സുമയ്യ, 50 വയസ്സുകാരിയായ എറണാകുളം സ്വദേശിനി എവ്ലിൻ ജോ, 72 വയസ്സുകാരനായ കോഴിക്കോട് സ്വദേശി പി.കെ. വാസു എന്നിവർ പ്രായഭേദമന്യേ മത്സരത്തിന്റെ പ്രധാന ആകർഷണങ്ങളായി മാറി.
മത്സര വിജയികൾക്കുള്ള സമ്മാന വിതരണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച മാരത്തോണിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, വരും വർഷങ്ങളിൽ മാരത്തോൺ കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നാരംഭിച്ച മാരത്തോൺ ഹാഫ് മാരത്തോൺ, വനിത മാരത്തോൺ, ഫൺ റൺ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് നടത്തിയത്. ഹാഫ് മാരത്തോൺ ഡി.വൈ.എസ്.പി. പി.സി ചാക്കോയും, വനിതാ ഹാഫ് മാരത്തോൺ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവനും, ഫൺ മാരത്തോൺ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീക്കും ഫ്‌ലാഗ് ഓഫ് ചെയ്തു.
സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് കെ.എം. ഫ്രാൻസിസ് അധ്യക്ഷനായ ചടങ്ങിൽ കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസ്, എം. മധു, സലീം കടവൻ, കെ.പി വിജയി, ഫുട്‌ബോൾ താരങ്ങളായ അലൻ സജി, അലക്‌സ് സജി എന്നിവരും സ്‌പോർട്‌സ് കൗൺസിൽ ഭരണ സമിതി അംഗങ്ങളായ ടി.വി. പീറ്റർ, പി.കെ. അയൂബ്, ടി.കെ. ഹരി, കെ.ആർ. സജീവൻ, ജെറിൽ സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഹാഫ് മാരത്തോൺ (പുരുഷന്മാർ):
വി.കെ. സന്ദീപ് (സമയം: 1.07.37)
മിക്യാസ് എമാത്ത (സമയം: 1.08.15)
പി. നസീം (സമയം: 1.08.38)
കെ. അരുൺ (സമയം: 1.13.06)
വനിതാ മാരത്തോൺ:
അഞ്ചു മുരുകൻ (സമയം: 41.51.19)
ജി. ജിൻസി (സമയം: 43.52.95)
എസ്. ഐശ്വര്യ (സമയം: 45.15.69)
എം.ബി. കൃഷ്‌ണേന്ദു (സമയം: 47.06.70)
ഫാത്തിമ രഹില (സമയം: 49.38.43)