​നിങ്ങളുടെ വീട്ടിലെ ഇൻഡോർ ചെടികളും മണിപ്ലാൻ്റും ഡെങ്കിപ്പനി വരുത്തിയേക്കാം ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

എറണാകുളം ജില്ലയിൽ മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ ഡ്രൈ ഡേ ആചരിച്ചു. ഇൻഡോർ പ്ലാൻ്റുകളും ചെടിച്ചട്ടികളും കൊതുക് വളരുന്ന പ്രധാന ഉറവിടങ്ങളാകുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

​നിങ്ങളുടെ വീട്ടിലെ ഇൻഡോർ ചെടികളും മണിപ്ലാൻ്റും ഡെങ്കിപ്പനി വരുത്തിയേക്കാം ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
മഴക്കാലരോഗങ്ങൾക്കെതിരെ കൊച്ചിയിൽ പ്രതിരോധം ശക്തം; വീടുകളിൽ 'ഡ്രൈ ഡേ' ആചരിച്ചു, ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

മഴക്കാലരോഗങ്ങൾക്കെതിരെ കൊച്ചിയിൽ പ്രതിരോധം ശക്തം; വീടുകളിൽ 'ഡ്രൈ ഡേ' ആചരിച്ചു, ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

കൊച്ചി: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള ഊർജ്ജിത ഉറവിടനശീകരണ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വീടുകൾ കേന്ദ്രീകരിച്ച് വിജയകരമായി 'ഡ്രൈ ഡേ' ആചരിച്ചു. ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഈ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിച്ചത്.

​ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പുതുക്കലവട്ടത്തുവെച്ച്‌ കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ നിർവഹിച്ചു. ആരോഗ്യപ്രവർത്തകർക്കൊപ്പം വീടുകൾ സന്ദർശിച്ചായിരുന്നു ഉദ്ഘാടന കർമ്മം നടന്നത്. സന്ദർശന വേളയിൽ ഉറവിടനശീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ആരോഗ്യപ്രവർത്തകർ വിശദീകരിക്കുകയും ഡെങ്കിപ്പനി പ്രതിരോധ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.

​ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം എം ഹനീഷ്‌ നേതൃത്വം നൽകിയ സന്ദർശന സംഘത്തിൽ കുത്തപ്പാടി മെഡിക്കൽ ഓഫീസർ ഡോ. ആൻ ജോസഫ്‌, ജെ.പി.എച്ച്.എൻ സാന്ദ്ര സുരേഷ്‌, ആശ പ്രവർത്തകരായ ദിൽഷ റോച്ച, വി. എ മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.

​ചെടിച്ചട്ടികളും ഇൻഡോർ പ്ലാൻ്റുകളും വില്ലനാകുന്നു; ജാഗ്രത വേണം

​ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകർ നടത്തിയ പരിശോധനകളിൽ ആശങ്കാജനകമായ വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വീടുകളിലെ ചെടിച്ചട്ടികളും, അവയുടെ അടിയിൽ വെള്ളം കെട്ടിനിൽക്കാൻ ഉപയോഗിക്കുന്ന സോസർ ട്രേകളും കൊതുകിൻ്റെ കൂത്താടികൾ വളരുന്ന പ്രധാന ഉറവിടങ്ങളായി മാറിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. അതിനാൽ ഇത്തരം സോസർ ട്രേകളുടെ ഉപയോഗം കഴിവതും ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

​അധികൃതരുടെ പ്രധാന നിർദേശങ്ങൾ:

​മണിപ്ലാൻ്റ് ഉൾപ്പെടെയുള്ള, വെള്ളത്തിൽ വളർത്തുന്ന ഇൻഡോർ പ്ലാൻ്റുകളിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റാൻ ശ്രദ്ധിക്കുകയോ, അല്ലെങ്കിൽ ഇത്തരം ചെടികൾ മണ്ണിലേക്ക് മാറ്റി വളർത്തുകയോ ചെയ്യുക.

​ടെറസിൻ്റെ പാത്തികൾ, വീട്ടുപരിസരത്ത് അലക്ഷ്യമായി ഇട്ടിരിക്കുന്ന പാഴ് വസ്‌തുക്കൾ, പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.

​വീടും ചുറ്റുപാടും കൃത്യമായി പരിശോധിച്ച് വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ പൂർണ്ണമായും ഇല്ലാതാക്കിയാൽ മാത്രമേ ഡെങ്കിപ്പനിയെ ഫലപ്രദമായി തടയുവാൻ സാധിക്കുകയുള്ളൂ.

​വരും ദിവസങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ കൂടുതൽ ഊർജ്ജിതമായി തുടരും. ഇനിയുള്ള എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാലയങ്ങളിലും, ശനിയാഴ്ചകളിൽ ഓഫീസുകളിലും, ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശീകരണ പ്രവർത്തനങ്ങൾ (ഡ്രൈ ഡേ) തുടർച്ചയായി നടപ്പിലാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.