കണ്ണൂരിൽ രണ്ടു കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

കണ്ണൂർ മൊകേരിയിൽ നാലും എട്ടും വയസ്സുള്ള കുട്ടികൾക്ക് ഷിഗെല്ലോസിസ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം. ജാഗ്രത പാലിക്കാൻ ഡി.എം.ഒ നിർദേശം.

കണ്ണൂരിൽ രണ്ടു കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
കണ്ണൂരിൽ രണ്ടു കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

കണ്ണൂരിൽ രണ്ടു കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു; കടുത്ത ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ് സ

കണ്ണൂർ: ജില്ലയിലെ മൊകേരി ഗ്രാമപഞ്ചായത്തിൽ രണ്ടു കുട്ടികൾക്ക് ഷിഗേല്ലോസിസ് (ഷിഗല്ല) രോഗബാധ സ്ഥിരീകരിച്ചു. നാലും എട്ടും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

​രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മൊകേരി ഗ്രാമപഞ്ചായത്തിൽ അടിയന്തരമായി റാപ്പിഡ് റെസ്പോൺസ് ടീം (RRT) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്തെ സ്കൂളുകളിൽ കുട്ടികൾ വയറിളക്കം പ്രമാണിച്ചു ക്ലാസുകളിൽ ഹാജരാകാതിരുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പ്രത്യേകം പരിശോധിച്ചുവരികയാണ്. രോഗബാധയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.

​ശുദ്ധമല്ലാത്ത കുടിവെള്ളം, മലിനമായ ഭക്ഷണം, ശുചിത്വമില്ലാത്ത കൈകൾ എന്നിവയിലൂടെയാണ് ഷിഗല്ല ബാക്ടീരിയ പ്രധാനമായും പകരുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) ഡോ. കെ.സി. സച്ചിൻ അറിയിച്ചു.

​എന്താണ് ഷിഗെല്ലോസിസ്?

മനുഷ്യരിൽ കടുത്ത കുടൽ അണുബാധ ഉണ്ടാക്കുന്ന ഒരു ബാക്ടീരിയയാണ് ഷിഗല്ല. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഇത് പകരാം. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒന്നു മുതൽ മൂന്ന് ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും.

​പ്രധാന ലക്ഷണങ്ങൾ:

​രക്തവും കഫവും കലർന്ന കടുത്ത വയറിളക്കം.

​കടുത്ത വയറുവേദനയും പനിയും.

​ഛർദ്ദി, ഓക്കാനം.

​കുട്ടികൾ, വയോധികർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെ ബാധിക്കുമ്പോൾ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. മലപരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. ശരീരത്തിലെ ജലാംശം നിലനിർത്തുകയാണ് ഏറ്റവും പ്രധാനം. ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ചികിത്സയും ആന്റിബയോട്ടിക്കുകളും ലഭ്യമാക്കണം.

​പ്രതിരോധ മാർഗങ്ങൾ:

​ഭക്ഷണത്തിന് മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകുക.

​തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

​ആഹാരസാധനങ്ങൾ നന്നായി പാകം ചെയ്ത് മാത്രം കഴിക്കുക.

​വ്യക്തിശുചിത്വവും പരിസരശുചിത്വവും കർശനമായി പാലിക്കുക.