ഭരണാധികാരികളെ വിമർശിച്ച ധീരനായ കലാകാരനായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കർ മന്ത്രി എം ലിജു
പ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 124 ാമത് ജന്മദിനാഘോഷവും കാർട്ടൂൺ പ്രദർശനവും കായംകുളം ശങ്കർ സ്‌മാരക കാർട്ടൂൺ മ്യൂസിയത്തിൽ മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിൽ വിമർശനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും നെഹ്റുവും ശങ്കറും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു.
ഭരണാധികാരികളെ വിമർശിച്ച ധീരനായ കലാകാരനായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കർ: മന്ത്രി എം ലിജു
കാർട്ടൂണിസ്റ്റ് ശങ്കറിൻെറ 124ാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു
ആലപ്പുഴ :ശക്തമായ സ്ട്രോക്കുകളിലൂടെ ഭരണാധികാരികളെ വിമർശിച്ച ധീരനായ കലാകാരനായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കറെന്ന് സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 124 ാമത് ജന്മദിനാഘോഷവും കാർട്ടൂൺ പ്രദർശനവും കായംകുളം ശങ്കർ സ്‌മാരക കാർട്ടൂൺ മ്യൂസിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭരണാധികാരികളാരും നൂറു ശതമാനം പെർഫെക്ടല്ല. അവർ വിമർശനത്തിനതീതരുമല്ല. അവരുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് കാർട്ടൂണിസ്റ്റ് ശങ്കറിനെപ്പോലുള്ളവർ ചെയ്തിരുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിനെ ആരും വിമർശിക്കാതിരുന്ന കാലത്ത് അദ്ദേഹം മറ്റൊരുപേരിൽ വിമർശിച്ചുകൊണ്ട് ലേഖനമെഴുതിയതായി വായിച്ചിട്ടുണ്ട്. ശങ്കേഴ്സ് വീക്കിലിയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം നെഹ്റുവായിരുന്നു. ആയിരത്തിലധികം കാർട്ടൂണുകൾ അദ്ദേഹത്തെക്കുറിച്ച് ശങ്കർ വരച്ചിട്ടുണ്ട്. എന്നാൽ ഇന്ന് വിമർശനം ആർക്കും ഇഷ്ടമല്ല. അവിടെയാണ് നെഹ്റുവിനെപ്പോലുള്ള ജനാധിപത്യവാദികളായ ഭരണാധികാരികൾ പ്രസക്തമാവുന്നത്. എന്നെ ഒഴിവാക്കരുത് എന്നാണ് നെഹ്റു ശങ്കറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നെ വിമർശിച്ചാലെ എന്റെ പരിമിതികളെക്കുറിച്ച് എനിക്ക് മനസ്സിലാകൂ എന്നാണ് നെഹ്റു പറഞ്ഞിരുന്നതെന്നും മന്ത്രി പറഞ്ഞു.
ആക്ഷേപഹാസ്യത്തിന്റെയും ചിത്രകാലവൈദഗ്ധ്യത്തിന്റെയും സമന്വയമായ കാർട്ടൂൺ എന്ന കലാരൂപത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച വ്യക്തിയും ഇന്ത്യൻ കാർട്ടൂണിന്റെ പിതാവുമായ ശങ്കർ കായംകുളത്ത് ജനിച്ചയാളാണെന്നതിൽ നമുക്ക് അഭിമാനിക്കാം. കായംകുളത്തിന് അഭിമാനിക്കാവുന്ന സംസ്കാരത്തിന്റെയും സംവാദത്തിന്റെയും കേന്ദ്രമാക്കി ശങ്കർ സ്‌മാരക കാർട്ടൂൺ മ്യൂസിയത്തെ മാറ്റുമെന്നും രാജ്യത്തെ പ്രമുഖകലാകാരന്മാരെ കൊണ്ടുവന്നു ഒരു വർഷം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ നഗരസഭ കൗൺസിലർ സി എസ് ബാഷ അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകൻ ഡോ. എ.ജെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക വകുപ്പ് ഡെ. സെക്രട്ടറി എ എസ് സബിത ഭായി, കേരള സ്റ്റേറ്റ് ബുക് മാർക് സെക്രട്ടറി എബ്രഹാം മാത്യു, കേരള ലളിതകലാ അക്കാദമി എക്സിബിഷൻ ഓഫീസർ കെ കെ ബാബുമോൻ എന്നിവർ പങ്കെടുത്തു.