ആന്റണി രാജുവിന്റെ ശിക്ഷാവിധി കോടതി മരവിപ്പിച്ചു എംഎൽഎ സ്ഥാനം തിരികെ ലഭിക്കില്ല
പ്രമാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രി ആന്റണി രാജുവിന് താൽക്കാലിക ആശ്വാസം.
തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന്റെ ശിക്ഷാവിധി കോടതി മരവിപ്പിച്ചു; എംഎൽഎ സ്ഥാനത്തിന് ഇളവില്ല
തിരുവനന്തപുരം: പ്രമാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രി ആന്റണി രാജുവിന് താൽക്കാലിക ആശ്വാസം. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്നു വർഷത്തെ തടവുശിക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി.
ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും ആന്റണി രാജുവിന് എംഎൽഎ സ്ഥാനം തിരികെ ലഭിക്കില്ല എന്നത് ശ്രദ്ധേയമാണ്. പ്രതി കുറ്റക്കാരനാണെന്ന വിചാരണ കോടതിയുടെ വിധി നിലനിൽക്കുന്നതിനാലാണിത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിന് മുകളിൽ തടവുശിക്ഷ ലഭിച്ചതിനാൽ അദ്ദേഹത്തിന് എംഎൽഎ പദവി നേരത്തെ നഷ്ടമായിരുന്നു. കേസ് ഫെബ്രുവരി ആറിന് കോടതി വീണ്ടും പരിഗണിക്കും.
1990-ൽ ലഹരിക്കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നതാണ് കേസ്. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതി ക്ലാർക്ക് ജോസിന്റെ സഹായത്തോടെ തൊണ്ടിമുതൽ വെട്ടി ചെറുതാക്കി മാറ്റം വരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കൃത്രിമത്തിന്റെ ഫലമായി ഹൈക്കോടതി വിദേശ പൗരനെ വെറുതെ വിട്ടിരുന്നു. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് ആന്റണി രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്.

