വ്യാജ വെളിച്ചെണ്ണ വിപണി പിടിക്കുന്നു കുറഞ്ഞ വിലയിൽ വിൽക്കുന്നത് പാരഫിൻ കലർത്തിയ വിഷം

കേരളത്തിലെ വിപണികളിൽ തമിഴ്നാട് ലോബി വ്യാജ വെളിച്ചെണ്ണ എത്തിക്കുന്നു. കൊപ്രയുടെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്ന ഈ എണ്ണ ആരോഗ്യത്തിന് ഭീഷണിയാണ്. അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം.

വ്യാജ വെളിച്ചെണ്ണ വിപണി പിടിക്കുന്നു കുറഞ്ഞ വിലയിൽ വിൽക്കുന്നത് പാരഫിൻ കലർത്തിയ വിഷം
കേരളത്തിലെ വിപണികളിൽ തമിഴ്നാട് ലോബി വ്യാജ വെളിച്ചെണ്ണ എത്തിക്കുന്നു. കൊപ്രയുടെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്ന ഈ എണ്ണ ആരോഗ്യത്തിന് ഭീഷണിയാണ്. അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം.

​വിപണിയിൽ 'വിഷ' വെളിച്ചെണ്ണ വ്യാപകം തമിഴ്നാട് ലോബി സജീവം, നടപടിയില്ലാതെ അധികൃതർ

പാരഫിനും മറ്റ് മാരക രാസവസ്തുക്കളും കലർത്തിയ വ്യാജ വെളിച്ചെണ്ണ കേരളത്തിലെ വിപണികളിൽ വൻതോതിൽ വിറ്റഴിക്കുന്നു. തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻകിട ലോബിയാണ് കുറഞ്ഞ വിലയിൽ ഗുണനിലവാരമില്ലാത്ത എണ്ണ കേരളത്തിലെത്തിക്കുന്നത്. ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും പരിശോധനകൾ നിലച്ചതോടെ 'പുതിയ പേരുകളിൽ' വ്യാജൻ വിപണി കീഴടക്കുകയാണ്.

​കുറഞ്ഞ വിലയിൽ വരുന്നത് 'സ്ലോ പോയിസൺ'

​കൊപ്രയുടെ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് പല ബ്രാൻഡുകളും വെളിച്ചെണ്ണ വിൽക്കുന്നത്. നിലവിൽ ഒരു കിലോ കൊപ്രയ്ക്ക് വിപണിയിൽ 220 രൂപയാണ് വില. ഒരു കിലോ കൊപ്ര ആട്ടിയാൽ ഏകദേശം 650 ഗ്രാം വെളിച്ചെണ്ണ മാത്രമേ ലഭിക്കൂ. ഇതിന്റെ ഉൽപാദനച്ചെലവും ലാഭവും കണക്കിലെടുത്താൽ ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 320 രൂപയ്ക്ക് മുകളിൽ വില വരും.

​എന്നാൽ തമിഴ്നാട് ലോബി ലിറ്ററിന് 200 മുതൽ 260 രൂപ വരെ നിരക്കിലാണ് വ്യാജൻ വിൽക്കുന്നത്. കൊപ്രയ്ക്ക് പകരം പാരഫിൻ പോലുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ കലർത്തിയാണ് ഇവർ വില കുറയ്ക്കുന്നത്. ആകർഷകമായ ഓഫറുകളിലും തിളങ്ങുന്ന പാക്കറ്റുകളിലും എത്തുന്ന ഈ എണ്ണകൾ വാങ്ങി വീട്ടമ്മമാരും സാധാരണക്കാരും വൻതോതിൽ കബളിപ്പിക്കപ്പെടുന്നു.

​മില്ലുകൾ പൂട്ടലിലേക്ക്; കർഷകർ ആശങ്കയിൽ

​വ്യാജ വെളിച്ചെണ്ണയുടെ വരവ് കേരളത്തിലെ ചെറുകിട മില്ലുകളുടെ നിലനിൽപ്പ് അപകടത്തിലാക്കി. നാട്ടിലെ മില്ലുകളിൽ ആട്ടിയെടുക്കുന്ന ശുദ്ധമായ എണ്ണയ്ക്ക് വ്യാജനോട് വിലയിൽ മത്സരിക്കാനാവില്ല. ഇതോടെ പല മില്ലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. പച്ചത്തേങ്ങയ്ക്ക് നിലവിൽ 64 രൂപയും ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് 28,000 രൂപയും കർഷകർക്ക് ലഭിക്കുന്നുണ്ട്. വ്യാജൻ വിപണി ഭരിച്ചാൽ നാളികേരത്തിന് വില കുറയുമെന്ന ഭീതിയിലാണ് കർഷകർ.

​ഏജന്റുമാരുടെ ശൃംഖല

​വയനാട്, കോഴിക്കോട്, വടകര എന്നിവടങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക ഏജന്റുമാരാണ് തമിഴ്നാട്ടിൽ നിന്ന് വ്യാജ എണ്ണ കടകളിലെത്തിക്കുന്നത്. കല്യാണ സീസണും ഉത്സവങ്ങളും ലക്ഷ്യമിട്ട് വൻ സ്റ്റോക്കുകളാണ് അതിർത്തി കടന്നെത്തുന്നത്. മുൻപ് ആരോഗ്യവകുപ്പ് കർശന നടപടി എടുത്തപ്പോൾ നിരോധിക്കപ്പെട്ട പല കമ്പനികളും പുതിയ പേരുകളിൽ വീണ്ടും സജീവമായിട്ടുണ്ട്.