യുവതിയുടെ മൂത്രസഞ്ചിയിൽ നിന്ന് 10 സെ.മീ പെൻസിൽ പുറത്തെടുത്തു
എറണാകുളം സ്വദേശിനിയായ 32 വയസ്സുള്ള യുവതിയുടെ മൂത്രസഞ്ചിയിൽ തുളച്ചുകയറിയ 10 സെൻ്റീമീറ്റർ നീളമുള്ള പെൻസിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തു.
അപൂർവനേട്ടം: യുവതിയുടെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 10 സെ.മീ നീളമുള്ള പെൻസിൽ വിജയകരമായി പുറത്തെടുത്തു; എറണാകുളം ജനറൽ ആശുപത്രിക്ക് കൈയടി
കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ മൂത്രസഞ്ചിയിൽ തുളച്ചുകയറിയ 10 സെന്റിമീറ്റർ നീളമുള്ള പെൻസിൽ എറണാകുളം ജനറൽ ആശുപത്രിയിലെ യൂറോളജി വിഭാഗം വിജയകരമായി നീക്കം ചെയ്തു. എറണാകുളം സ്വദേശിനിയായ 32 വയസ്സുകാരിയാണ് ഈ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ ആശ്വാസം വീണ്ടെടുത്തത്.
കഴിഞ്ഞ മൂന്ന് മാസമായി അനുഭവപ്പെട്ടിരുന്ന കഠിനമായ അടിവയറ്റിൽ വേദന, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുക, തുടർച്ചയായുണ്ടാകുന്ന മൂത്രനാളിയിലെ അണുബാധ എന്നീ രോഗലക്ഷണങ്ങളോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ എൻഡോസ്കോപ്പിക് പരിശോധനയിലാണ് മൂത്രസഞ്ചിയിൽ പെൻസിൽ തുളച്ചുകയറിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.
യൂറോളജി വിഭാഗം മേധാവി ഡോ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തിലാണ് സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. അനസ്തേഷ്യ ഡോക്ടർമാരായ ഡോ. അഞ്ജുരാജ്, ഡോ. അഞ്ജന കെ. ഇ, ജൂനിയർ ഡോക്ടർ കാർത്തിക, സീനിയർ നേഴ്സ് സിനി, നഴ്സിംഗ് ഓഫീസർമാരായ ടിൻറു ചിന്നു, പ്രീനു, ആശ, പ്രിയ, അനസ്തേഷ്യ ടെക്നീഷ്യൻമാരായ റാഷിദ്, അലീന, നഴ്സിംഗ് അസിസ്റ്റൻറുമാരായ ബിനോയ്, ഷൈമോൾ എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. മികച്ച വിജയം കൈവരിച്ച മെഡിക്കൽ ടീമിനെ ആശുപത്രി സൂപ്രണ്ട് ഡോ. സതീഷ് കെ. എൻ പ്രത്യേകം അഭിനന്ദിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിലെ യൂറോളജി വിഭാഗം ഇതിനോടകം അമ്പതിനായിരത്തോളം രോഗികൾക്കാണ് സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ചികിത്സകൾ ലഭ്യമാക്കിയിട്ടുള്ളത്. ഇതിൽ 90 ശതമാനം രോഗികൾക്കും സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ പദ്ധതികൾ വഴി പൂർണ്ണമായും സൌജന്യമായാണ് ചികിത്സ നൽകിയതെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.