കേരളത്തിൽ വികസനമില്ല, അഴിമതിക്കായി ഇടത് വലത് മുന്നണികൾ ഒന്നിക്കുന്നു രേഖ ഗുപ്ത
കേരളത്തിലെ തൊഴിലില്ലായ്മയും വികസന മുരടിപ്പും ചൂണ്ടിക്കാട്ടി ഇടത് വലത് മുന്നണികൾക്കെതിരെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ആലപ്പുഴയിൽ സംസാരിക്കുന്നു.
യുവതയുടെ പലായനം: കേരള സർക്കാരിനെതിരെ രേഖ ഗുപ്ത
തിരുവനന്തപുരം/ആലപ്പുഴ: കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായതോടെ വിദ്യാസമ്പന്നരായ യുവാക്കൾ കൂട്ടത്തോടെ വിദേശത്തേക്ക് പോകുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. എൻഡിഎ ആലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് പൊതുസമ്മേളനം തെക്കൻ ആര്യാട് ഗുരുപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കേരളത്തിൽ വികസനം മുരടിച്ചിരിക്കുകയാണെന്നും പഠിച്ച കുട്ടികൾക്ക് അർഹമായ തൊഴിലവസരങ്ങൾ ലഭിക്കുന്നില്ലെന്നും രേഖ ഗുപ്ത കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഇടത്-വലത് മുന്നണികൾ അഴിമതി നടത്താനായി പരസ്പരം ഒത്തുകളിക്കുകയാണ്. ജനങ്ങളെ കബളിപ്പിച്ച് പണം ഉണ്ടാക്കുക മാത്രമാണ് ഈ രണ്ട് മുന്നണികളുടെയും ലക്ഷ്യം. ഈ ദുരവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ കേരളത്തിൽ എൻഡിഎ അധികാരത്തിൽ വരണമെന്നും അവർ കൂട്ടിച്ചേർത്തു.
സ്ഥാനാർഥി എം.ജെ. ജോബ്, നേതാക്കളായ പി.കെ. ബിനോയ്, പി.കെ. വാസുദേവൻ, ടി. അനിയപ്പൻ, ടി.പി. സിന്ധുമോൾ, സുമിത് ജോർജ്, സജി പി. ദാസ്, എൻ. സനീഷ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. വൻ ജനപങ്കാളിത്തത്തോടെയായിരുന്നു ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.

