തിയേറ്ററുകളിൽ സൂര്യ തരംഗം കറുപ്പ് വൻ വിജയത്തിലേക്ക്, രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള സൂര്യ തൃഷ കൂട്ടുകെട്ടിന് വൻ വരവേൽപ്പ്
സൂര്യ ആർ ജെ ബാലാജി ചിത്രം ‘കറുപ്പ്’ ബോക്സ് ഓഫീസിൽ വൻ വിജയത്തിലേക്ക്. ആദ്യ ദിനം ബുക്ക് മൈ ഷോയിൽ മാത്രം 6.71 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച് ചിത്രം റെക്കോർഡ് നേട്ടത്തിലേക്ക് കുതിക്കുന്നു.
സൂര്യയുടെ വമ്പൻ തിരിച്ചുവരവ്; ആദ്യ ദിനം 7 ലക്ഷത്തിനടുത്ത് ടിക്കറ്റ് ബുക്കിങ്ങുമായി ‘കറുപ്പ്’ വൻ വിജയത്തിലേക്ക്
ചെന്നൈ: കടുത്ത പ്രതിസന്ധികൾക്കൊടുവിൽ തിയേറ്ററുകളിലെത്തിയ തമിഴ് സൂപ്പർതാരം സൂര്യയുടെ പുതിയ ചിത്രം ‘കറുപ്പ്’ ബോക്സ് ഓഫീസിൽ വൻ കുതിപ്പിലേക്ക്. മുൻകൂട്ടിയുള്ള പ്രീ-സെയിൽ ബുക്കിങ് സൗകര്യങ്ങൾ ലഭിക്കാതിരുന്നിട്ടും, റിലീസ് ദിനത്തിൽ റെക്കോർഡ് നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. റിലീസ് ചെയ്ത ആദ്യ ദിവസം മാത്രം പ്രമുഖ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ‘ബുക്ക് മൈ ഷോ’ വഴി ആറു ലക്ഷത്തി എഴുപത്തിയൊന്നായിരത്തില്പരം (6.71 Lakhs+) ടിക്കറ്റുകളാണ് ചിത്രം വിറ്റഴിച്ചത്.
ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത എല്ലാ സംസ്ഥാനങ്ങളിലും ആദ്യ ദിനം തന്നെ ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. മിക്ക തിയേറ്ററുകളിലും ഹൗസ് ഫുൾ ഷോകളും, തിരക്ക് നിയന്ത്രിക്കുന്നതിനായി അർദ്ധരാത്രികളിൽ അഡിഷണൽ ഷോകളും ഏർപ്പെടുത്തേണ്ടി വന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ‘കറുപ്പ്’ സമ്മാനിക്കുന്നത് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ സ്ക്രീൻ കെമിസ്ട്രി ബിഗ് സ്ക്രീനിൽ വലിയ മാജിക്കാണ് തീർത്തിരിക്കുന്നത്. മലയാളി പ്രേക്ഷകർക്ക് അഭിമാനമായി ഇന്ദ്രൻസ്, അനഘ, സ്വാസിക, ശിവദ എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇവരെ കൂടാതെ നാട്ടി, മായ രവി, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.
വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും തിയേറ്ററുകളിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നത്. പ്രതിസന്ധികളെ കാറ്റിൽപ്പറത്തി ബോക്സ് ഓഫീസിൽ ‘കറുപ്പ്’ വൻ വിജയത്തിലേക്ക് കുതിക്കുമ്പോൾ സൂര്യയുടെ ശക്തമായ തിരിച്ചുവരവാണ് തെന്നിന്ത്യൻ സിനിമ സാക്ഷ്യം വഹിക്കുന്നത്.