1980 കളിൽ തമിഴകത്തെ നടുക്കിയ യഥാർത്ഥ അമാനുഷ്യ കഥ സിനിമയാകുന്നു നായകനായി വിശ്വ, ചിത്രീകരണം പുതുക്കോട്ടയിൽ
കോമളാ ഹരി പിക്ചേഴ്സ് നിർമ്മിക്കുന്ന പുതിയ ബിഗ് ബജറ്റ് തമിഴ് ചിത്രത്തിന്റെ ചിത്രീകരണം അടുത്ത ആഴ്ച പുതുക്കോട്ടയിൽ ആരംഭിക്കും. ഭാരതി ബാലകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിശ്വയാണ് നായകൻ.
അമാനുഷ്യ മർമ്മ കഥയുമായി കോമളാ ഹരിയുടെ പുതിയ ബ്രഹ്മാണ്ഡ ചിത്രം; ചിത്രീകരണം അടുത്ത ആഴ്ച പുതുക്കോട്ടയിൽ ആരംഭിക്കും
ചെന്നൈ: ലിജോമോൾ ജോസ് നായികയായി അഭിനയിച്ച 'ജെന്റിൽ വുമൺ' എന്ന സിനിമയ്ക്ക് ശേഷം കോമളാ ഹരി പിക്ചേഴ്സിന്റെ നാലാമത് നിർമ്മാണ സംരംഭമായ (Production Number 4) തമിഴ് സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച പുതുക്കോട്ടയിൽ ആരംഭിക്കും. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ്.
തമിഴ് സമൂഹത്തിൽ മുൻകാലങ്ങളിൽ നിലനിന്നിരുന്ന സംസ്കാരം, ആചാരങ്ങൾ എന്നിവയെ വെളിപ്പെടുത്തുന്ന വിസ്മൃതിയിലായ പഴയ കലാരൂപങ്ങളുടെയും, ആയോധന കലകളുടെയും പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ ഇതിവൃത്തം ഒരുക്കിയിരിക്കുന്നത്. 1980-കളുടെ മധ്യത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അരങ്ങേറിയ 'അമാനുഷ്യ'വുമായി ബന്ധപ്പെട്ട യഥാർത്ഥ കഥയുടെ (A Terrific Supernatural Folk Mystery) ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.
'വിഴാ' എന്ന ശ്രദ്ധേയമായ സിനിമ സംവിധാനം ചെയ്ത ഭാരതി ബാലകുമാരനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. അമാനുഷ്യത്തെ കുറിച്ചും കഥ നടന്ന യഥാർത്ഥ സ്ഥലങ്ങളെ കുറിച്ചും ദീർഘനാൾ നീണ്ടുനിന്ന ഗവേഷണങ്ങൾക്ക് ശേഷമാണ് അദ്ദേഹം ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്.
സുശീന്ദ്രൻ സംവിധാനം ചെയ്ത 'ചാമ്പ്യൻ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിശ്വായാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിലെ കഠിനമായ ആയോധന കലാ രംഗങ്ങൾക്കായി കഴിഞ്ഞ ആറുമാസമായി വിശ്വ പ്രത്യേക പരിശീലനം നേടിവരികയായിരുന്നു. കഥാപാത്രത്തിന് വേണ്ടി ശാരീരികമായും മാനസികമായും പൂർണ്ണ സജ്ജമായാണ് താരം സെറ്റിലേക്ക് എത്തുന്നത്. നായകനൊപ്പം തുല്യ പ്രാധാന്യമുള്ള മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി തെക്കേ ഇന്ത്യയിലെ ഒരു പ്രമുഖ മുൻനിര നായകനുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.
'ആടുകളം' നരേൻ, ഋഷാ ജോക്കോബ്സ്, മുനീഷ് കാന്ത്, ബാബാ ഭാസ്കർ, അനുപമ കുമാർ, രമ്യാ സുരേഷ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖരായ ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. മലയാളത്തിൽ 'മിഡിൽ ക്ലാസ് മാത്തുക്കുട്ടി' എന്ന ചിത്രം നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഹരി ഭാസ്കർ - കോമളാ ദമ്പതിമാരാണ് ഈ ചിത്രത്തിന്റെയും നിർമ്മാതാക്കൾ.