പ്രവാസി ജീവിതത്തിന്റെ ത്യാഗവും പ്രണയവും പറയുന്ന ചെറുകഥ
പ്രവാസത്തിന്റെ നഷ്ടങ്ങളും ഏകാന്തതയും പ്രണയത്തിന്റെ തീക്ഷ്ണതയും മലയാളിക്ക് എന്നും നെഞ്ചോട് ചേർന്നുനിൽക്കുന്ന ഒന്നാണ്. തൻസീല ലത്തീഫ് എഴുതിയ പുതിയ ചെറുകഥ വായിക്കാം
മൈലാഞ്ചിയുടെ മണവും പ്രവാസത്തിന്റെ നൊമ്പരവും ...
കഥാകൃത്ത്: തൻസീല ലത്തീഫ്.
ചെറുകഥ
മൈലാഞ്ചി പതിയെ അതിന്റെ പച്ചപ്പിൽ നിന്ന് കടുംചുവപ്പിലേക്ക് മാറിക്കൊണ്ടിരുന്നു. പതിവിലുമധികം മനോഹരമായ ചിത്രങ്ങൾ അവളുടെ കൈകളെ അലങ്കരിച്ചിരുന്നു. പുതുതായി ഇട്ട മൈലാഞ്ചിയുടെ മണം മുറിയാകെ നിറഞ്ഞ് മനസ്സിനെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു.
പുറത്ത് മഴ തകർത്തു പെയ്യുകയായിരുന്നു. ആ മഴയുടെ ആരവത്തിനിടയിലും അവരുടെ മുറിക്കുള്ളിൽ നിശ്ശബ്ദമായ പ്രണയമായിരുന്നു. ഒരുമിച്ച് ചെലവഴിച്ച ദിവസങ്ങൾ, ചിരികൾ, പിണക്കങ്ങൾ, ഇണക്കങ്ങൾ, ഒടുവിൽ വാക്കുകൾക്കതീതമായ സ്നേഹം... എല്ലാം ആ രാത്രിയെ കൂടുതൽ മനോഹരമാക്കി.
അവളുടെ നെറ്റിയിൽ ഒരുമ്മ ചാർത്തി അവൻ മൃദുവായി പറഞ്ഞു.
"ഞാൻ പോയിട്ട് വരാം... അധികം വൈകില്ല."
ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു.
യാത്രയ്ക്കുള്ള ബാഗ് തയ്യാറായിരുന്നു. നാട്ടിലെ പല സ്ഥലങ്ങളിൽ നിന്ന് വാങ്ങിയ കായവറുത്തതും അച്ചാറുകളും പലഹാരങ്ങളും ബന്ധുക്കൾ സ്നേഹത്തോടെ കെട്ടിപ്പൊതിഞ്ഞ് കൈമാറിയിരുന്നു. ഓരോ പൊതിയിലും ഒരു വീടിന്റെ സ്നേഹവും ഓരോ സാധനത്തിലും ഒരു നാട്ടിന്റെ മണവും ഉണ്ടായിരുന്നു.
വീട്ടുവാതിൽ കടന്ന് കാറിലേക്ക് നടക്കുമ്പോൾ അവൻ പലവട്ടം തിരിഞ്ഞുനോക്കി. അവൾ ഓരോ തവണയും ചിരിക്കാൻ ശ്രമിച്ചു. പക്ഷേ കണ്ണുകൾ അവളെ ചതിച്ചു. കാറിൽ കയറുന്നതിന് മുമ്പ് ഒരിക്കൽ കൂടി അവളെ ചേർത്ത് പിടിച്ചു.
"കരയണ്ട... എല്ലാ ദിവസവും വിളിക്കും."
അവൾ തലയാട്ടി. പക്ഷേ വാക്കുകൾ പുറത്തുവന്നില്ല.
കാർ പതിയെ നീങ്ങിത്തുടങ്ങി. പിന്നിലെ ഗ്ലാസിലൂടെ കൈവീശിക്കൊണ്ടിരുന്ന അവന്റെ രൂപം ചെറുതായി... ചെറുതായി... ഒടുവിൽ കണ്ണിൽ നിന്ന് മറഞ്ഞു.
വീട്ടിലേക്കു തിരിച്ചു കയറിയപ്പോൾ അവൾ നേരെ അവരുടെ മുറിയിലേക്കായിരുന്നു നടന്നത്. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പ്രണയത്തിന്റെ ചൂട് നിറഞ്ഞിരുന്ന ആ മുറി ഇപ്പോൾ നിശ്ശബ്ദതകൊണ്ട് വീർപ്പുമുട്ടുകയായിരുന്നു.
അവൾ കിടക്കയിൽ ഇരുന്നു. തലയിണയിൽ അവന്റെ മണമായിരുന്നു. ആ ഷർട്ട് നെഞ്ചോട് ചേർത്ത് പിടിച്ച നിമിഷം ഇതുവരെ പിടിച്ചുവച്ചിരുന്ന കണ്ണുനീർ അണക്കെട്ട് പൊട്ടിയതുപോലെ ഒഴുകി.
ആ ദിവസത്തോടെ അവൾ ഒരു പ്രവാസിയുടെ ഭാര്യയായി.
പ്രവാസിയുടെ ഭാര്യ...
ആ പേരിന് പിന്നിൽ ലോകം കാണാത്ത എത്രയോ ത്യാഗങ്ങളുണ്ട്.
ഓരോ ആഘോഷവും വീഡിയോ കോളിലൂടെ കാണുന്നവർ...
ഓരോ പിറന്നാളിലും "അടുത്ത വർഷം ഒന്നിച്ച് ആഘോഷിക്കാം" എന്ന് പറഞ്ഞ് മനസ്സിനെ ആശ്വസിപ്പിക്കുന്നവർ...
വീട്ടിൽ എല്ലാവരും ഉറങ്ങിയ ശേഷം ഭർത്താവിന്റെ "Last Seen" നോക്കി കാത്തിരിക്കുന്നവർ...
"ഓൺലൈനിൽ വന്നോ?" എന്ന പ്രതീക്ഷയിൽ ഫോൺ നെഞ്ചോട് ചേർത്ത് ഉറങ്ങുന്നവർ...
അവളും അങ്ങനെയായിരുന്നു.
അവൻ അയച്ച ഓരോ സന്ദേശവും വീണ്ടും വീണ്ടും വായിച്ചു.
ഒരുമിച്ചെടുത്ത ചിത്രങ്ങൾ നോക്കി ചിരിച്ചു.
ചില രാത്രികളിൽ അവന്റെ പഴയ വോയ്സ് മെസേജുകൾ കേട്ട് ഉറങ്ങി.
കാരണം അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് പണമായിരുന്നില്ല... അവനായിരുന്നു.
അവിടെയോ...
ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ചൂടിൽ അവൻ അധ്വാനിക്കുകയായിരുന്നു.
വിയർപ്പിന്റെ ഓരോ തുള്ളിയും സ്വന്തം സ്വപ്നങ്ങൾക്കുവേണ്ടിയായിരുന്നില്ല.
അവളുടെ ചിരിക്ക് വേണ്ടി...
മാതാപിതാക്കളുടെ സമാധാനത്തിന് വേണ്ടി...
മക്കളുടെ നല്ല വിദ്യാഭ്യാസത്തിന് വേണ്ടി...
ഒരു സുരക്ഷിതമായ നാളേക്കുവേണ്ടി...
പലപ്പോഴും സ്വന്തം ആഗ്രഹങ്ങൾ പോലും അവൻ മാറ്റിവെച്ചു.
നല്ല വസ്ത്രങ്ങൾ വാങ്ങാതെ വീട്ടിലേക്ക് പണം അയച്ചു.
രുചികരമായ ഭക്ഷണം കഴിക്കാനുള്ള മോഹം അടക്കി.
ക്ഷീണം മറച്ച് വീഡിയോ കോളിൽ ചിരിച്ചു.
കാരണം അവൻ അറിയാമായിരുന്നു...
"എന്റെ ചിരിയാണ് അവൾക്ക് ധൈര്യം."
വർഷങ്ങൾ കടന്നുപോയി.
അവന്റെ കഠിനാധ്വാനത്തിൽ ഒരു വലിയ വീട് പണിതുയർന്നു.
മക്കൾ വളർന്നു.
കുടുംബം സന്തോഷത്തോടെ ജീവിച്ചു.
പക്ഷേ ആ വീട്ടിലെ ഓരോ ചുവരിലും അവരുടെ വേർപിരിയലിന്റെ നിശ്ശബ്ദ കണ്ണുനീർ ഉണങ്ങിക്കിടന്നിരുന്നു.
ജീവിതത്തിന്റെ ഏറ്റവും മനോഹരമായ യൗവനം അവർ ഒന്നിച്ച് ജീവിച്ചില്ല.
ഒരാൾ മരുഭൂമിയിലെ മണലിലും...
മറ്റേയാൾ വീടിന്റെ നിശ്ശബ്ദതയിലും...
സ്നേഹം കാത്തുസൂക്ഷിച്ചു.
ഒടുവിൽ വർഷങ്ങൾക്കുശേഷം നാട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ അവന്റെ തലമുടി നരച്ചിരുന്നു.
കൈകളിൽ മരുന്നുകളുടെ കവറുകൾ.
ഷുഗറും പ്രഷറും ജീവിതത്തിന്റെ കൂട്ടുകാരായി.
അവൾക്കും പ്രായം മുഖത്ത് എഴുതപ്പെട്ടിരുന്നു.
എന്നാൽ ഇന്നും അവൻ അവളുടെ കൈകളിൽ മൈലാഞ്ചി കാണുമ്പോൾ പഴയത് പോലെ തന്നെ ചോദിക്കും.
"ഇന്നും എന്റെ പേര് ഒളിപ്പിച്ചിട്ടുണ്ടോ നിന്റെ മൈലാഞ്ചിയിൽ?"
അവൾ ചിരിച്ചുകൊണ്ട് കൈ നീട്ടിക്കാണിക്കും.
കാരണം മൈലാഞ്ചിയുടെ നിറം മാഞ്ഞുപോകാം...
പക്ഷേ സ്നേഹത്തിന്റെ നിറം ഒരിക്കലും മങ്ങില്ല.
പ്രവാസം പണം സമ്പാദിക്കുന്ന ഒരു യാത്ര മാത്രമല്ല.
അത് ഒരച്ഛന്റെ ഉത്തരവാദിത്തമാണ്...
ഒരു മകന്റെ കടമയാണ്...
ഒരു ഭർത്താവിന്റെ സ്നേഹമാണ്...
അതിലും മേലെ, ഒരു ഭാര്യയുടെ കാത്തിരിപ്പാണ്.
ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ച രണ്ട് ഹൃദയങ്ങൾ...
കുടുംബത്തിന്റെ സന്തോഷത്തിനായി കിലോമീറ്ററുകളുടെ അകലം സ്വീകരിച്ച പ്രണയമാണ് പ്രവാസം.
ലോകം ഒരു പ്രവാസിയുടെ സമ്പാദ്യം മാത്രം കാണും... പക്ഷേ അവന്റെ ഭാര്യ മാത്രം അറിയും, ആ സമ്പാദ്യത്തിന്റെ വില എത്ര രാത്രികളുടെ ഏകാന്തതയും, എത്ര കണ്ണുനീരും, എത്ര പറയാതെ വിഴുങ്ങിയ പ്രണയവുമാണെന്ന്.
അവസാനം അവർക്കിടയിൽ ശേഷിച്ചത് ഒരേയൊരു സത്യം മാത്രമായിരുന്നു...
"സ്നേഹം ഒരുമിച്ച് കഴിയുന്നതിൽ മാത്രമല്ല... ആയിരം കിലോമീറ്റർ അകലെയിരുന്നാലും പരസ്പരം ഹൃദയത്തിൽ ജീവിക്കുന്നതിലാണ്."