മധുബാല ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈ കര കവിയാതെ വീഡിയോ ഗാനം പുറത്തിറങ്ങി
വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിലെ കര കവിയാതെ എന്ന ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മധുബാലയും ഇന്ദ്രൻസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.
കൊച്ചി: മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് കഥയെഴുതി സംവിധാനം ചെയ്യുന്ന "ചിന്ന ചിന്ന ആസൈ" എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അൻവർ അലി രചിച്ച "കര കവിയാതെ" എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് റിലീസ് ചെയ്തത്. ഗോവിന്ദ് വസന്ത ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത് അനിൽകുമാർ ആണ്. തെന്നിന്ത്യൻ താരം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. മുൻപ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ 'എന്റെ നാരായണിക്ക്' എന്ന ഹ്രസ്വചിത്രത്തിന് ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ഫീച്ചർ ഫിലിം കൂടിയാണിത്. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഉടൻ തന്നെ തിയേറ്ററുകളിലെത്തും.
ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു കേന്ദ്ര കഥാപാത്രത്തിലൂടെ മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മധുബാലയ്‌ക്കൊപ്പം വേറിട്ട അഭിനയ മുഹൂർത്തങ്ങളുമായി ഇന്ദ്രൻസും ചിത്രത്തിൽ നിറഞ്ഞുനിൽക്കും. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
ഫയിസ് സിദ്ധിക്ക് ഛായാഗ്രഹണവും റെക്കസൺ ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രശാന്ത് നാരായൺ ആണ് പ്രൊഡക്ഷൻ കൺട്രോളർ. ആർട്ട് ഡയറക്ടർ: സാബു മോഹൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ: ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ: ബിജു പി കോശി.
അൻവർ അലി, ഉമ ദേവി, വരുൺ ഗ്രോവർ, ഗജ്നൻ മിത്കേ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ എന്നിവരാണ് ഗായകർ. ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ.

