കോഴിക്കോടിന് വൻ പ്രഖ്യാപനങ്ങൾ ലൈറ്റ് മെട്രോയും എം.ടി പാർക്കും വരുന്നു, വിലങ്ങാടിന് 5 കോടിയുടെ പ്രത്യേക പാക്കേജ്

2027 ലെ കേരള ബജറ്റിൽ കോഴിക്കോട് ജില്ലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ. ഗതാഗതക്കുരുക്കഴിക്കാൻ ലൈറ്റ് മെട്രോയും യുടിഎംഎയും, 50 കോടി ചിലവിൽ എം.ടി. വാസുദേവൻ നായർ കൾച്ചറൽ പാർക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ ബാധിത പ്രദേശമായ വിലങ്ങാടിന്റെ പുനർനിർമ്മിതിക്കായി 5 കോടി രൂപയുടെ പ്രത്യേക പാക്കേജും പ്രഖ്യാപനത്തിലുണ്ട്.

കോഴിക്കോടിന് വൻ പ്രഖ്യാപനങ്ങൾ ലൈറ്റ് മെട്രോയും എം.ടി പാർക്കും വരുന്നു, വിലങ്ങാടിന് 5 കോടിയുടെ പ്രത്യേക പാക്കേജ്
2027 ലെ കേരള ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു

​കോഴിക്കോടിന് വികസനക്കുതിപ്പേകി ബജറ്റ് പ്രഖ്യാപനങ്ങൾ; ലൈറ്റ് മെട്രോയും എം.ടി. പാർക്കും വരുന്നു; വിലങ്ങാടിന് പ്രത്യേക പാക്കേജ്

കോഴിക്കോട്​: കോഴിക്കോട് ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സാംസ്‌കാരിക പുരോഗതിക്കും വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള 2027-ലെ സംസ്ഥാന ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. നഗരത്തിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമേകുന്ന ലൈറ്റ് മെട്രോ പദ്ധതിയും മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ പേരിലുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കള്‍ച്ചറല്‍ പാര്‍ക്കും ഉൾപ്പെടെ കോഴിക്കോടിന്റെ മുഖച്ഛായ മാറ്റുന്ന വൻകിട പ്രഖ്യാപനങ്ങളാണ് വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റിലുള്ളത്. കൂടാതെ, ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വിലങ്ങാടിന്റെ പുനര്‍നിര്‍മ്മിതിക്കായി പ്രത്യേക പാക്കേജും ബജറ്റില്‍ ഇടംപിടിച്ചു.

​നഗര ഗതാഗതത്തിന് പുതിയ മുഖം: ലൈറ്റ് മെട്രോയും യുടിഎംഎയും

കോഴിക്കോട് നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ സുഗമമാക്കുന്നതിനായി 'കോഴിക്കോട് ലൈറ്റ് മെട്രോ' പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നിലവില്‍ പദ്ധതിയുടെ സാധ്യതാപഠനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനുപുറമേ, നഗരത്തിലെ വിവിധ ഗതാഗത സംവിധാനങ്ങൾ ഒരൊറ്റ കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരത്തിനൊപ്പം കോഴിക്കോടും 'യൂണിഫൈഡ് മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി' (യുടിഎംഎ) സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ, നിർദ്ദിഷ്ട ലൈറ്റ് മെട്രോ എന്നിവയുടെ സേവനങ്ങൾ ഇനി ഇതിലൂടെ ഏകോപിപ്പിക്കും.

​50 കോടിയുടെ 'എം.ടി. വാസുദേവന്‍ നായര്‍ കള്‍ച്ചറല്‍ പാര്‍ക്ക്'

കേരളത്തിന്റെ തനത് കലാ-സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും കോഴിക്കോടിന്റെ സാംസ്‌കാരിക ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര നിലവാരത്തിൽ ഒരു കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ പേരിട്ടിരിക്കുന്ന ഈ വൻകിട പദ്ധതിക്കായി 50 കോടി രൂപയാണ് വകയിരുത്തിയത്. പാർക്കിന്റെ സുഗമമായ നടത്തിപ്പിനായി പ്രത്യേക 'കള്‍ച്ചറല്‍-ടൂറിസം ട്രസ്റ്റ്' രൂപീകരിക്കും.

​കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, ഗോത്രകലകള്‍ എന്നിവ അവതരിപ്പിക്കാനുള്ള വേദികള്‍, പുതിയ തലമുറയിലെ (ജെന്‍സി) കുട്ടികള്‍ക്കായി ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി പ്രദര്‍ശന സൗകര്യങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ലൈബ്രറി, ആര്‍ട്ട് ഗാലറി, ചരിത്ര-സാഹിത്യ മ്യൂസിയങ്ങള്‍, പ്രശസ്ത എഴുത്തുകാരുടെയും പ്രതിഭകളുടെയും ശബ്ദ മ്യൂസിയം, കുടുംബമായി സമയം ചെലവഴിക്കാനുള്ള ഇടങ്ങള്‍, ഫുഡ് കോര്‍ട്ടുകള്‍, ബുക്ക് ഷോപ്പുകള്‍, ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകള്‍ എന്നിവ ഉൾപ്പെടുന്ന വിപുലമായ സൗകര്യങ്ങളോടെയാണ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്.

​വിലങ്ങാടിന്റെ പുനർജന്മത്തിനായി 5 കോടി

2024-ലെ ഉരുള്‍പൊട്ടലില്‍ കടുത്ത നാശനഷ്ടമുണ്ടായ നാദാപുരം മണ്ഡലത്തിലെ വിലങ്ങാട് വില്ലേജിന്റെ സുസ്ഥിരമായ പുനര്‍നിര്‍മ്മിതിക്കായി 'വിലങ്ങാട് പാക്കേജ്' പ്രഖ്യാപിച്ചു. ദുരിതബാധിതരുടെ പുനരധിവാസം, അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി ആദ്യഘട്ടമായി അഞ്ചു കോടി രൂപ അനുവദിച്ചു. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള ഒരു മാതൃകാ ഗ്രാമമായി വിലങ്ങാടിനെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

​ഐടി മേഖലയ്ക്കും തുറമുഖ വികസനത്തിനും ഊന്നൽ

മലബാറിലെ ഐടി മേഖലയ്ക്ക് കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് സൈബര്‍ പാര്‍ക്കിനെ കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്നോപാര്‍ക്ക് എന്നിവയുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനാവശ്യമായ വികസന നടപടികള്‍ സ്വീകരിക്കുമെന്ന് ബജറ്റിൽ പറയുന്നു.

​ഇതോടൊപ്പം ബേപ്പൂരിന്റെ ഉരു നിര്‍മ്മാണ പാരമ്പര്യവും കേരളത്തിന്റെ സമ്പന്നമായ സമുദ്രയാത്രാ ചരിത്രവും കോര്‍ത്തിണക്കി 50 കോടി രൂപ ചെലവില്‍ ബേപ്പൂരിൽ അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.