തൊടുപുഴ സ്മിത ആശുപത്രിയിൽ നഴ്സിന്റെ ആത്മഹത്യാശ്രമം വ്യാപക പ്രതിഷേധം, ചീഫ് നഴ്സിംഗ് ഓഫീസർക്കും സൂപ്പർവൈസർക്കും സസ്പെൻഷൻ
ഇടുക്കി തൊടുപുഴ സ്മിത ആശുപത്രിയിൽ നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ആരോപണവിധേയരായ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്ഐ, യുവമോർച്ച സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
തൊടുപുഴ സ്മിത ആശുപത്രിയിൽ നഴ്സിന്റെ ആത്മഹത്യാശ്രമം; ആരോപണവിധേയരെ സസ്പെൻഡ് ചെയ്തു
തൊടുപുഴ: ജോലിസ്ഥലത്തെ കടുത്ത മാനസിക പീഡനത്തെ തുടർന്ന് നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഇടുക്കി തൊടുപുഴ സ്മിത ആശുപത്രിയിലെ ചീഫ് നഴ്സിംഗ് ഓഫീസറെയും സൂപ്പർവൈസറെയും മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്ഐ, യുവമോർച്ച എന്നീ യുവജന സംഘടനകൾ ആശുപത്രിയിൽ നടത്തിയ മണിക്കൂറുകൾ നീണ്ട ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.
ഇന്ന് പുലർച്ചെ ഡ്യൂട്ടിക്കിടെയാണ് ആശുപത്രിയിലെ നഴ്സായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. തൊടുപുഴ സ്മിതാ ആശുപത്രിയിലെ ചീഫ് നഴ്സിംഗ് ഓഫീസറും സൂപ്പർവൈസറും ചേർന്ന് യുവതിക്ക് മേൽ കടുത്ത മാനസിക സമ്മർദം ചെലുത്തിയിരുന്നതായും, തുടർച്ചയായ തൊഴിൽ പീഡനമാണ് നഴ്സിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നുമാണ് ഉയരുന്ന ആരോപണം. ആത്മഹത്യക്ക് ശ്രമിച്ച യുവതി നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രിയിൽ ഏറെനാളായി ജീവനക്കാർക്ക് നേരെ കടുത്ത തൊഴിൽ പീഡനം നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു യുവജന സംഘടനകളുടെ പ്രതിഷേധം. ആശുപത്രിക്ക് പുറത്ത് യുവമോർച്ച പ്രവർത്തകരും, ആശുപത്രിക്ക് അകത്തളങ്ങളിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ശക്തമായ പ്രതിഷേധമുയർത്തി. പ്രതിഷേധം ശക്തമായതോടെയാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.