വിദ്യാർത്ഥികൾക്ക് ബസ് കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

കണ്ണൂരിൽ വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണെന്ന് സ്റ്റുഡൻസ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി. പരാതികൾ ഉയരുന്ന സാഹചര്യത്തിൽ നടപടിക്ക് നിർദ്ദേശം.

വിദ്യാർത്ഥികൾക്ക് ബസ് കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ
സ്റ്റുഡന്റസ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ ജില്ലാ കളക്ടർ പി വിഷ്ണുരാജ് സംസാരിക്കുന്നു
വിദ്യാർത്ഥികൾക്ക് ബസ് കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

കണ്ണൂരിൽ വിദ്യാർത്ഥികൾക്ക് ബസ് കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; കർശന നിർദ്ദേശവുമായി കളക്ടർ

കണ്ണൂർ: ജില്ലയിൽ ബസുകളിൽ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള യാത്രാ കൺസഷൻ സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണെന്ന് സ്റ്റുഡൻസ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി യോഗം വ്യക്തമാക്കി. ഈ സമയപരിധിക്കുള്ളിൽ യാത്രാപാസ് കൈവശമുള്ള വിദ്യാർത്ഥികൾക്ക് നിർബന്ധമായും കൺസഷൻ അനുവദിക്കണമെന്ന് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് കർശന നിർദ്ദേശം നൽകി.

​വൈകിട്ട് ആറ് മണിക്ക് ശേഷം ചില ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിക്കുന്നതായി യോഗത്തിൽ പരാതി ഉയർന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കമ്മിറ്റിയുടെ ഇടപെടൽ. പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന കണ്ടക്ടർമാർക്ക് കൺസഷൻ സമയത്തെക്കുറിച്ച് അറിവില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. കണ്ടക്ടർമാർക്കിടയിൽ ഇതുസംബന്ധിച്ച് ബോധവൽക്കരണം നടത്തുമെന്ന് അസോസിയേഷൻ ഉറപ്പുനൽകി.

​ബസ് സ്റ്റോപ്പുകളിൽ ബസുകൾ നിർത്തില്ലെന്ന പരാതികളും യോഗത്തിൽ ഉയർന്നു. താഴെചൊവ്വ ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്താത്തത് എസ്.എൻ കോളേജ്, ഗവ. ഐ.ടി.ഐ വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അതുപോലെ, കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് സ്റ്റോപ്പിൽ ഇരിട്ടിയിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിർത്തുന്നില്ലെന്നും പരാതിയുണ്ട്.

​നിയമം ലംഘിക്കുന്ന ബസുകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കിയാൽ ആർ.ടി.ഒ തലത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. യോഗത്തിൽ റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫീസർ ഇ.എസ് ഉണ്ണികൃഷ്ണൻ, ജോയിന്റ് ആർ.ടി.ഒ കെ. വിനോദ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥി സംഘടനകൾ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.