കുട്ടികളിൽ ആരോഗ്യശീലം വളർത്താൻ ആദ്യപാഠം ആരോഗ്യപാഠം ആലപ്പുഴയിലെ വിദ്യാലയങ്ങളിൽ സോപ്പ് ചലഞ്ചിന് തുടക്കം
ആദ്യപാഠം ആരോഗ്യപാഠം കാമ്പയിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ 700 ൽ പരം സ്കൂളുകളിൽ വയറിളക്ക രോഗപ്രതിരോധ പ്രത്യേക അസംബ്ലികളും കരശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു.
കരശുചിത്വ കരുതലിനായി പ്രതിജ്ഞയെടുത്ത് കുട്ടികൾ; ‘ആദ്യപാഠം ആരോഗ്യപാഠം’ കാമ്പയിന് ആലപ്പുഴയിൽ തുടക്കമായി
ആലപ്പുഴ: വയറിളക്ക രോഗപ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ ‘ആദ്യപാഠം ആരോഗ്യപാഠം’ കാമ്പയിന് തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ പ്രത്യേക അസംബ്ലികൾ സംഘടിപ്പിക്കുകയും കുട്ടികൾ കരശുചിത്വ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വനിത-ശിശു ആശുപത്രിയുടെ നേതൃത്വത്തിൽ ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ വെച്ച് നടന്നു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സി. ജ്യോതിമോൾ പരിപാടി ഉദ്ഘാടനം ചെയ്തു. വനിത-ശിശു ആശുപത്രി സൂപ്രണ്ട് ഡോ. കെ. ദീപ്തി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന ബോധവത്കരണ ക്ലാസിന് ഡോ. മനീഷ് നായർ നേതൃത്വം നൽകി. വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കൈകഴുകൽ എത്രത്തോളം പ്രധാനമാണെന്നതിനെക്കുറിച്ച് ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഐ. ചിത്ര, ഡോ. ആർ. സേതുനാഥ് എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.
സോപ്പ് ചലഞ്ചിന് തുടക്കം
ആഹാരം കഴിക്കുന്നതിനു മുൻപും ശുചിമുറിയിൽ പോയതിനുശേഷവും സോപ്പുപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കാൻ സ്കൂൾ എസ്.എം.സി., പി.ടി.എ. എന്നിവരുടെ സഹകരണത്തോടെ എല്ലാ വിദ്യാലയങ്ങളിലും സോപ്പ്/ലിക്വിഡ് സോപ്പ് ലഭ്യമാക്കുന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കമായിട്ടുണ്ട്.
സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് മേഖലകളിലെ എഴുന്നൂറിലധികം വിദ്യാലയങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ ശുചിത്വ കാമ്പയിന്റെ ഭാഗമായത്.

