ഷിഗല്ല രോഗബാധ വയനാട്ടിൽ മൂന്ന് പഞ്ചായത്തുകളിലും ബത്തേരി നഗരസഭയിലും ജൂൺ 14 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വയനാട് നെന്മേനിയിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. മുൻകരുതലിന്റെ ഭാഗമായി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലും 3 പഞ്ചായത്തുകളിലും ജൂൺ 14 വരെ കളക്ടർ അവധി പ്രഖ്യാപിച്ചു.
ഷിഗല്ല രോഗബാധ: വയനാട്ടിൽ മൂന്ന് പഞ്ചായത്തുകളിലും ബത്തേരി നഗരസഭയിലും ജൂൺ 14 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കൽപ്പറ്റ: വയനാട് നെന്മേനി ഗ്രാമപഞ്ചായത്തിൽ ഷിഗല്ല (Shigella) രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ മുൻകരുതലുകളുമായി ജില്ലാ ഭരണകൂടം. രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, മദ്രസകൾ, പഠനമുറികൾ, ഹോസ്റ്റലുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ഈ ഉത്തരവിൽ ഇളവ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അവധിയാണെങ്കിലും അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ജോലിക്ക് ഹാജരാകുന്നതിന് തടസ്സമുണ്ടാകില്ലെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
നെന്മേനിയിൽ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് ഇത് പടരാതിരിക്കാനുള്ള കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് നടപടി. പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിരോധ ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്നും ആരോഗ്യ അധികൃതർ നിർദ്ദേശിച്ചു.

