സര്‍ക്കാര്‍ ആശുപത്രിയില്‍ ചരിത്ര വിജയം

സര്‍ക്കാര്‍ ആശുപത്രിയില്‍ ചരിത്ര വിജയം രാജ്യത്ത് ആദ്യമായി ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി

സര്‍ക്കാര്‍ ആശുപത്രിയില്‍ ചരിത്ര വിജയം
സര്‍ക്കാര്‍ ആശുപത്രിയില്‍ ചരിത്ര വിജയം

സര്‍ക്കാര്‍ ആശുപത്രിയില്‍ ചരിത്ര വിജയം; രാജ്യത്ത് ആദ്യമായി ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി

​കൊച്ചി: രാജ്യത്തെ ആരോഗ്യരംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി. ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ രാജ്യത്ത് ആദ്യമായി നടന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. വൈകിട്ട് 6.46 ഓടെയാണ് ശസ്ത്രക്രിയ അവസാനിച്ചത്. നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗ കാമിയുടെ (21) ശരീരത്തില്‍ ഷിബുവിന്റെ ഹൃദയം മിടിച്ചുതുടങ്ങി.

​വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗയ്ക്ക് പുതുജീവനേകിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സ് വഴിയാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്.

​മിനിറ്റുകള്‍ എണ്ണിയുള്ള യാത്ര

രാവിലെ 9.25-ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരത്തെത്തി. 10 മണിയോടെ ഷിബുവിന്റെ അവയവങ്ങള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്ക് പറന്നുയര്‍ന്നു. 2.52-ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തിലെ ഹെലിപാഡിലിറങ്ങിയ ഹൃദയം, കൃത്യം അഞ്ച് മിനിറ്റിനുള്ളില്‍ (2.57) ആംബുലന്‍സ് വഴി ജനറല്‍ ആശുപത്രിയിലെത്തിച്ചു. മൂന്ന് മണിയോടെ ശസ്ത്രക്രിയ ആരംഭിച്ചു.

​അഭിമാന നിമിഷം

കഴിഞ്ഞ ഡിസംബറിലാണ് ഗുരുതരമായ ഹൃദ്രോഗത്തെത്തുടര്‍ന്ന് ദുര്‍ഗ ആശുപത്രിയില്‍ ചികിത്സ തേടിയത്. ദുര്‍ഗയുടെ അമ്മയും സഹോദരിയും ഇതേ രോഗം ബാധിച്ചാണ് നേരത്തെ മരണപ്പെട്ടത്. ഷിബുവിന്റെ കുടുംബം ഹൃദയത്തിന് പുറമെ കരളും വൃക്കകളും കണ്ണുകളും ചര്‍മ്മവും ദാനം ചെയ്ത് മാതൃകയായി. കുടുംബത്തിന്റെ വലിയ മനസ്സിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. സര്‍ക്കാര്‍ തലത്തില്‍ നടന്ന ഈ ദൗത്യം വലിയ അഭിമാനമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ഷാ പ്രതികരിച്ചു.