അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണം പരാതി പരിഹരിക്കാൻ സംയുക്ത പരിശോധന തീരദേശത്തിന് 5 കോടിയുടെ കുടിവെള്ള പദ്ധതി
അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ സംയുക്ത പരിശോധന നടത്താൻ കളക്ടറേറ്റ് യോഗത്തിൽ തീരുമാനം. തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 5 കോടിയുടെ ഡി.പി.ആർ ഉടൻ സമർപ്പിക്കും.
ഉയരപ്പാത നിര്‍മ്മാണത്തിലെ പരാതികള്‍ പരിഹരിക്കാന്‍ സംയുക്ത പരിശോധന; തീരദേശ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 5 കോടിയുടെ പദ്ധതി
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി അരൂര്‍ മുതല്‍ തുറവൂര്‍ വരെ നിര്‍മ്മിക്കുന്ന ഉയരപ്പാതയുടെയും അനുബന്ധ റോഡുകളുടെയും നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ സംയുക്ത പരിശോധന നടത്തും. കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡെപ്യൂട്ടി സ്പീക്കറും അരൂര്‍ എം.എല്‍.എയുമായ ഷാനിമോള്‍ ഉസ്മാന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംയുക്ത സംഘമായിരിക്കും പരിശോധന നടത്തുക. റോഡിന് സമീപത്തെ കാനകളുടെ ഉയരക്കൂടുതല്‍ വ്യാപാരികള്‍ക്കും വഴിയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരുടെ ആശങ്കകള്‍ പൂര്‍ണ്ണമായി പരിഹരിച്ച് മാത്രമേ ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാവൂ എന്ന് ഉദ്യോഗസ്ഥർക്ക് കർശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുറവൂര്‍ ജംഗ്ഷന് തെക്കുവശം അണ്ടര്‍പാസ് നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്തു.
തുറവൂര്‍ സബ് സ്റ്റേഷന്‍ ടെന്‍ഡര്‍ ഒരു മാസത്തിനകം
തുറവൂരില്‍ 220 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി കേരള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്തുനിന്നും രണ്ടേക്കര്‍ ഭൂമി കെ.എസ്.ഇ.ബി.ക്ക് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാനും യോഗം തീരുമാനിച്ചു. സബ്‌സ്റ്റേഷന്റെ ടെന്‍ഡര്‍ നടപടികള്‍ ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി. യോഗത്തെ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ വൈദ്യുതി പ്രതിസദ്ധിക്ക് വലിയ പരിഹാരമാകും.
ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് ഒഴിവാക്കാന്‍ വാട്ടര്‍ അതോറിറ്റി, ദേശീയപാത അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം സംയുക്ത പരിശോധന നടത്തി അടിയന്തര പരിഹാരം കാണാനും യോഗം നിര്‍ദ്ദേശിച്ചു.
തീരദേശ കുടിവെള്ള പദ്ധതിക്ക് 5 കോടി
അരൂര്‍ മണ്ഡലത്തിലെ തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള 5 കോടി രൂപയുടെ ഡി.പി.ആര്‍. (Detailed Project Report) ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പദ്ധതിയുടെ നിര്‍മ്മാണം സമയബന്ധിതമായി ആരംഭിക്കും. കുത്തിയതോട്, എഴുപുന്ന, തുറവൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ തീരദേശ കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ അറിയിച്ചു. ചേരിങ്കല്‍, മൂര്‍ത്തിങ്കല്‍, ഹേലാപുരം പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി., റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

