കേരള ചരിത്രത്തിൽ ആദ്യം ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു
കാപ്പ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്
കേരള ചരിത്രത്തിൽ ആദ്യം; കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം : കേരളത്തിന്റെ ഭരണചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജയിലിനുള്ളിൽ നടന്നു. കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതനാണ് ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം മേയർ വി.വി. രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു സുഗതന്റെ സത്യപ്രതിജ്ഞ.
കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി തനിക്ക് താൽക്കാലിക ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വാഴോട്ടുകോണം വാർഡ് കൗൺസിലറായ ആർ. സുഗതൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മേയർക്ക് മുന്നിൽ നേരിട്ടെത്തി സത്യപ്രതിജ്ഞ ചെയ്യാനായി തടങ്കലിൽ ഇളവ് വേണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ കാപ്പ തടവുകാരനെ ജയിലിൽ നിന്ന് പുറത്തുവിടാൻ കഴിയില്ലെന്ന ശക്തമായ നിലപാടാണ് സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ചത്. സർക്കാരിന്റെ ഈ വാദം അംഗീകരിച്ച ഹൈക്കോടതി, സുഗതനെ പുറത്തുവിടാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
അതേസമയം, ജനവിധി മാനിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്ന് വിലയിരുത്തിയ കോടതി, ഇതിനായി പ്രത്യേക അനുമതി നൽകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മേയർക്കും ആവശ്യമായ ഉദ്യോഗസ്ഥർക്കും ചടങ്ങിൽ പങ്കെടുക്കുന്നതിനായി വിയ്യൂർ ജയിലിൽ പ്രവേശിക്കാൻ കോടതി അനുമതി നൽകി. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ ചടങ്ങായതിനാൽ അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ട് ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ ജയിലിൽ ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
നേരത്തെ, ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ആർ. സുഗതൻ ഉൾപ്പെടെയുള്ള ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് നിയമപരമായ രീതിയിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വിയ്യൂർ ജയിലിൽ ചടങ്ങുകൾ പൂർത്തിയായത്.