കൃഷിയിടത്തിലേക്ക് തിരിച്ചുപോവുക അനിവാര്യം ചെഞ്ചേരിയിൽ പപ്പായ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് മന്ത്രി ടി.സിദ്ദിഖ്
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ കൃഷിയിടത്തിലേക്ക് തിരിച്ചുപോകണമെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്. ഉള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ചെഞ്ചേരിയിൽ ഒരുക്കിയ റെഡ്ലേഡി പപ്പായ കൃത്യതാകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷിയിടത്തിലേക്ക് തിരിച്ചുപോവുക പ്രധാനം: മന്ത്രി ടി.സിദ്ദിഖ്
തിരുവനന്തപുരം: പച്ചക്കറികളിലെ കീടനാശിനി പ്രയോഗം ഗുരുതരമായ ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ, ജനങ്ങൾ കൃഷിയിടത്തിലേക്ക് തിരിച്ചുപോകേണ്ടത് അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്. ഉള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ചെഞ്ചേരിയിൽ ഒരുക്കിയ പപ്പായ കൃത്യതാകൃഷി മാതൃകാ കൃഷിതോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിത്തുകളുടെ ശേഷിവികാസം ഉറപ്പാക്കുന്നതിലൂടെ കർഷകർ പറ്റിക്കപ്പെടുന്നില്ലെന്നും പൂർണ തോതിൽ ഉത്പാദനം നടക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഫ്‌ളാറ്റുകളിലും മട്ടുപ്പാവുകളിലും ആവശ്യമായ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികൾ കൂടുതൽ ആകർഷകമാക്കാൻ കൃഷിവകുപ്പ് നടപടികൾ സ്വീകരിച്ചു വരികയാണ്. നഗരപ്രദേശങ്ങളിൽ കൃഷിഭവനുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തരിശുനിലങ്ങളെയും കൃഷിഭവന് കീഴിലുള്ള ഇടങ്ങളെയും മാപ്പിംഗ് ചെയ്യുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്‍ കൗണ്‍സിലര്‍ കൂടിയായ കര്‍ഷകന്‍ വി.എസ് പത്മകുമാറിന്റെ ചെഞ്ചേരിയിലുള്ള ഒരേക്കർ മാതൃകാതോട്ടത്തിലാണ് പപ്പായ കൃഷി വിളവെടുപ്പ് നടത്തിയത്. അത്യുത്പാദന ശേഷിയുള്ള 'റെഡ്ലേഡി' ഇനത്തില്‍പ്പെട്ട പപ്പായയാണ് ഇവിടെ കൃഷി ചെയ്തത്. കൃഷി തുടങ്ങി വെറും 7 മാസത്തിനുള്ളിൽ തന്നെ ആദ്യ വിളവെടുപ്പ് നടത്താൻ സാധിച്ചു. മൂന്ന് വര്‍ഷത്തിനുള്ളിൽ 30 മെട്രിക് ടണ്‍ പപ്പായ വരെ വിളവെടുക്കാമെന്നതാണ് ഈ കൃത്യതാ കൃഷിയുടെ (Precision Farming) പ്രത്യേകത.
ഉള്ളൂർ മഹിഷാസുരമർദ്ദിനി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ- കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കരമന അജിത്ത്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ.വി, ഉള്ളൂർ കൃഷിഭവൻ കൃഷി ഓഫീസർ സി.സ്വപ്ന, വിവിധ വാർഡ് കൗൺസിലർമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.