കേരളത്തിൽ മിൽമ പാൽ വില കൂടുന്നു ലിറ്ററിന് 4 രൂപ വർധിക്കാൻ സാധ്യത
കേരളത്തിൽ മിൽമ പാൽ വില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് 4 രൂപ വരെ കൂടിയേക്കും. നാളത്തെ ഡയറക്ടർ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
സംസ്ഥാനത്ത് പാൽ വില കൂടുന്നു; ലിറ്ററിന് 4 രൂപ വർധിച്ചേക്കും, നാളെ അന്തിമ തീരുമാനം
തിരുവനന്തപുരം: കേരളത്തിൽ മിൽമ പാൽ വില വർധിപ്പിക്കാൻ സർക്കാർ പച്ചക്കൊടി കാട്ടി. ലിറ്ററിന് നാല് രൂപ വരെ കൂട്ടാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. പാൽ വില വർധിപ്പിക്കണമെന്ന മിൽമയുടെ നിരന്തരമായ ആവശ്യത്തിന്മേലാണ് ഇപ്പോൾ സർക്കാർ അനുകൂല തീരുമാനമെടുത്തിരിക്കുന്നത്.
വില വർധന സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും അന്തിമ തീരുമാനവും നാളെ ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം ഉണ്ടാകും. ആറ് മാസം മുൻപ് തന്നെ ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർധിപ്പിക്കണമെന്ന് മിൽമ ഭരണസമിതി തീരുമാനമെടുത്തിരുന്നു. കാലിത്തീറ്റയുടെ വില വർധനവും ഉൽപ്പാദന ചെലവ് കൂടിയതും ചൂണ്ടിക്കാട്ടിയാണ് മിൽമ വില വർധന ആവശ്യപ്പെട്ടത്.
നേരത്തെ സർക്കാരിന് നൽകിയ കത്തിൽ പാൽ വില ഉടൻ പരിഷ്കരിക്കണമെന്ന് മിൽമ ആവശ്യപ്പെട്ടിരുന്നു. ക്ഷീരകർഷകരുടെ പ്രതിസന്ധി കണക്കിലെടുത്താണ് സർക്കാർ ഈ തീരുമാനത്തിന് അനുമതി നൽകിയത്. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ഇത് ബാധിക്കുമെങ്കിലും കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

