സബ്‌സിഡി തട്ടിപ്പ് 36 ലക്ഷം അക്കൗണ്ടിലെത്തിയത് യുവതി അറസ്റ്റിൽ
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി സ്വയംതൊഴിൽ പദ്ധതിയിൽ വായ്പ സബ്‌സിഡി തുക തട്ടിയെടുത്ത കേസിൽ എട്ടാം പ്രതി എൽ. ബിന്ദു അറസ്റ്റിലായി. 1.26 കോടിയുടെ വിജിലൻസ് തട്ടിപ്പ് കേസിലെ വിവരങ്ങൾ വായിക്കാം.
സബ്‌സിഡി തട്ടിപ്പ്: 1.26 കോടിയുടെ നഗരസഭാ ഫണ്ട് തട്ടിയ കേസിലെ പ്രതി ബിന്ദു അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പ സബ്‌സിഡി തുക വെട്ടിച്ച കേസിൽ എട്ടാം പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവല്ലം സ്വദേശിനി എൽ. ബിന്ദു (47) ആണ് പിടിയിലായത്.
സംരംഭക ഗ്രൂപ്പുകൾക്ക് സബ്‌സിഡിയായി അനുവദിച്ച 1.26 കോടി രൂപ വിതരണം ചെയ്തതായി വ്യാജ രേഖകൾ ചമച്ചാണ് തട്ടിപ്പ് നടത്തിയത്. യഥാർഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാതെ, തുക വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.
മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയതിൽ പ്രധാന പങ്കുവഹിച്ച ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം 36 ലക്ഷം രൂപ എത്തിയതായി വിജിലൻസ് കണ്ടെത്തൽ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് മുൻ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ പ്രവീൺ രാജ്, മുൻ എസ്.സി. പ്രമോട്ടർമാരായ എസ്. സിന്ധു, അജിത, പട്ടം സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ സോണി, ആധാരം എഴുത്തുകാരൻ സുരേഷ് ബാബു എന്നിവരെ വിജിലൻസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ബിന്ദുവിനെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.