ലോക സാക്ഷരതാ ദിനം ചൂലൻകുട്ടിക്കും പി.പി. സാബിറയ്ക്കും മന്ത്രി എൻ. ഷംസുദ്ദീന്റെ ആദരം
സംസ്ഥാന സാക്ഷരതാ മിഷന്റെ ലോക സാക്ഷരതാ ദിനാചരണത്തിൽ കോഴിക്കോട് ജില്ലക്കാരായ ചൂലൻകുട്ടിയെയും പി.പി. സാബിറയെയും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ആദരിച്ചു.
ലോക സാക്ഷരതാ ദിനം കോഴിക്കോട്ടുകാരായ ചൂലൻകുട്ടിക്കും പി.പി. സാബിറയ്ക്കും ആദരം
കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക സാക്ഷരതാ ദിനാചരണത്തില്‍ ജില്ലയില്‍നിന്നുള്ള രണ്ടുപേര്‍ക്ക് ആദരം. നാലാംതരം തുല്യതാ പഠിതാവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ ജനപ്രതിനിധിയുമായ 72കാരന്‍ ചൂലന്‍കുട്ടി, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 800ലധികം പേരെ സാക്ഷരത തുല്യത കോഴ്‌സില്‍ ചേര്‍ത്ത് പഠിപ്പിച്ച കോഴിക്കോട് നഗരസഭയിലെ നോഡല്‍ പ്രേരക് പി.പി സാബിറ എന്നിവരെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ ആദരിച്ചത്. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ 50 പ്രതിഭകളാണ് ആദരം ഏറ്റുവാങ്ങിയത്.
സാക്ഷരത ദിനാചരണം മന്ത്രി എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേയര്‍ വി.വി രാജേഷ് അധ്യക്ഷനായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദര്‍ശിനി, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. അഹമ്മദുല്‍ കബീര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. അച്യുത് ശങ്കര്‍, ചെമ്പഴന്തി ഉദയന്‍, ഷേര്‍ളി എസ്, ടി.ഐ ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ അജിത, സാക്ഷരതാ മിഷന്‍ കോഴിക്കോട് ജില്ലാ കോഓഡിനേറ്റര്‍ പി.എന്‍ ബാബു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.