ക്ഷേത്ര സ്വത്തുക്കളുടെ അധികാരം ദേവസ്വം ബോർഡിന് കോടതിയിൽ രേഖകൾ ഹാജരാക്കി കടകംപള്ളി സുരേന്ദ്രൻ
.ഡി. സതീശനെതിരെയുള്ള മാനനഷ്ടക്കേസിൽ ക്ഷേത്ര സ്വത്തുക്കളുടെ പരിപാലന ചുമതല ദേവസ്വം ബോർഡിനാണെന്ന് വ്യക്തമാക്കുന്ന രേഖകൾ കടകംപള്ളി സുരേന്ദ്രൻ കോടതിയിൽ സമർപ്പിച്ചു.
ക്ഷേത്ര സ്വത്തുക്കൾ ദേവസ്വം ബോർഡിന്റേത്; രേഖകൾ ഹാജരാക്കി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ക്ഷേത്ര സ്വത്തുക്കളുടെ സംരക്ഷണവും പരിപാലനവും ദേവസ്വം ബോർഡുകൾക്കാണെന്ന് വ്യക്തമാക്കി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കോടതിയിൽ രേഖകൾ സമർപ്പിച്ചു. തിരുവനന്തപുരം മൂന്നാം സബ്കോടതിയിലാണ് കടകംപള്ളി തന്റെ വാദങ്ങളെ ശരിവയ്ക്കുന്ന രേഖകൾ ഹാജരാക്കിയത്. കേസിൽ തിങ്കളാഴ്ച വിശദമായ വാദം നടക്കും.
ശബരിമല സ്വർണ്ണപ്പാളി കവർച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിലാണ് ഈ നടപടി. സതീശൻ മാപ്പ് പറയണമെന്നും അല്ലെങ്കിൽ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് കടകംപള്ളിയുടെ ആവശ്യം. കൂടാതെ കേസ് അവസാനിക്കുന്നത് വരെ ഇത്തരം പ്രസ്താവനകൾ തുടരാതിരിക്കാൻ ഇടക്കാല ഹർജിയും അദ്ദേഹം ഫയൽ ചെയ്തിട്ടുണ്ട്.
ക്ഷേത്ര കാര്യങ്ങളിൽ സർക്കാരിന് നേരിട്ട് അവകാശമോ ഉത്തരവാദിത്തമോ ഇല്ലെന്ന കടകംപള്ളിയുടെ വാദത്തെ ഖണ്ഡിക്കാൻ കഴിഞ്ഞ ദിവസം വി.ഡി. സതീശന്റെ അഭിഭാഷകൻ കോടതിയിൽ രേഖകൾ ഹാജരാക്കിയിരുന്നു. ക്ഷേത്ര സ്വത്തുക്കളുടെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നായിരുന്നു സതീശന്റെ വാദം. ഇതിന് മറുപടിയായാണ് ശനിയാഴ്ച കടകംപള്ളി സുരേന്ദ്രൻ ദേവസ്വം ബോർഡിന്റെ അധികാരം വ്യക്തമാക്കുന്ന രേഖകൾ കോടതിയിൽ എത്തിച്ചത്. തിങ്കളാഴ്ച കോടതിയിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ ഈ കേസിൽ നിർണ്ണായകമാകും.

