ചിരിപ്പിക്കാൻ ബേസിലും സംഘവും വരുന്നു രാവടി ഫസ്റ്റ് ലുക്ക് പുറത്ത്
ബേസിൽ ജോസഫും അക്ഷയ് കുമാറും ഒന്നിക്കുന്ന രാവടി ചിരിപ്പൂരത്തിന് തിരികൊളുത്തി ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിംപ്‌സും പുറത്ത്
ബേസിൽ ജോസഫും അക്ഷയ് കുമാറും ഒന്നിക്കുന്ന 'രാവടി'; ചിരിപ്പൂരത്തിന് തിരികൊളുത്തി ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിംപ്‌സും പുറത്ത്!
കൊച്ചി: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബേസിൽ ജോസഫ് - എൽ.കെ. അക്ഷയ് കുമാർ ചിത്രം 'രാവടി'യുടെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് കോമഡി എന്റർടെയ്നറിന്റെ ഗ്ലിംപ്‌സ് വീഡിയോ തെന്നിന്ത്യൻ സംഗീത മാന്ത്രികൻ അനിരുദ്ധ് രവിചന്ദറാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാം ചിത്രമാണിത്.
തമിഴിലും മലയാളത്തിലുമായി ഒരേസമയം ചിത്രീകരിക്കുന്ന 'രാവടി' ഒരു സമ്പൂർണ്ണ ഫൺ മൂവി ആയിരിക്കുമെന്ന സൂചനയാണ് പുറത്തുവന്ന ഗ്ലിംപ്‌സുകൾ നൽകുന്നത്. ബേസിൽ ജോസഫിനൊപ്പം 'സിറൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എൽ.കെ. അക്ഷയ് കുമാറും ജാഫർ സാദിഖും ഒന്നിക്കുമ്പോൾ വെള്ളിത്തിരയിൽ ചിരിയുടെ മാലപ്പടക്കം തന്നെ പ്രതീക്ഷിക്കാം. ഐശ്വര്യ ശർമ്മയാണ് ചിത്രത്തിലെ നായിക.
ജോൺ വിജയ്, സത്യൻ, നോബിൾ കെ. ജെയിംസ്, അരുണാചലേശ്വരൻ പി. എ., ഷരീഖ് ഹസ്സൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജെൻ മാർട്ടിൻ സംഗീതവും ലിയോൺ ബ്രിട്ടോ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഭരത് വിക്രമനാണ്. എൽ.കെ. വിഷ്ണു സഹനിർമ്മാണം നിർവ്വഹിക്കുന്ന ഈ ചിത്രം വരാനിരിക്കുന്ന വേനലവധിക്കാലത്ത് തീയേറ്ററുകളിൽ വിരുന്നെത്തും.

