മൂവാറ്റുപുഴ നഗരസഭ സെക്രട്ടറിക്ക് നേരെ വ്യക്തിഹത്യ ചെയർപേഴ്സനെതിരെ എൽഡിഎഫ് പ്രതിഷേധ മാർച്ച്
മൂവാറ്റുപുഴ നഗരസഭ സെക്രട്ടറി സിമി എച്ചിനെ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അപമാനിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
സെക്രട്ടറിയെ അപമാനിച്ച സംഭവം: മൂവാറ്റുപുഴ നഗരസഭയിൽ എൽഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും
മൂവാറ്റുപുഴ: യുഡിഎഫ് ഭരണസമിതിക്ക് കീഴിലുള്ള മൂവാറ്റുപുഴ നഗരസഭയിൽ ജീവനക്കാരുടെ യോഗത്തിനിടെ നഗരസഭ സെക്രട്ടറി സിമി എച്ചിനെ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അപമാനിച്ചതിൽ വ്യാപക പ്രതിഷേധം. ചെയർപേഴ്സന്റെ നടപടിക്കെതിരെ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ സമരവുമായി രംഗത്തിറങ്ങി.
കൗൺസിലർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ നഗരസഭയിലേക്ക് ശക്തമായ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. നഗരസഭ സെക്രട്ടറിക്ക് നേരെ നടന്ന വ്യക്തിഹത്യയിൽ പ്രതിഷേധിച്ചായിരുന്നു സമരം. തുടർന്ന് നഗരസഭയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സിപിഐ(എം) ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു.
സിപിഐ(എം) ഏരിയ കമ്മിറ്റി അംഗവും മുൻ മുനിസിപ്പൽ ചെയർമാനുമായ യു.ആർ. ബാബു യോഗത്തിൽ അധ്യക്ഷത വഹിച്ചു. സിപിഐ മുനിസിപ്പൽ സെക്രട്ടറി കെ.പി. അലിക്കുഞ്ഞ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എ. നവാസ്, സിപിഐ(എം) ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എ. സഹീർ, സജി ജോർജ്, മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി കെ.ജി. അനിൽകുമാർ, പി.ബി. അജിത് കുമാർ, ആർ. രാകേഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു. നഗരസഭയിലെ ഭരണപക്ഷത്തിന്റെ അഹങ്കാര നിലപാടുകൾക്കെതിരെ ശക്തമായ ജനവികാരം ഉയർത്തിക്കൊണ്ടുവരുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.