കാലടി ശ്രീശങ്കര പാലം നവീകരണം
കാലടി ശ്രീശങ്കര പാലം നവീകരണം പുതിയ പാലം തുറന്ന ശേഷം മതിയെന്ന് ജനപ്രതിനിധികൾ തിങ്കളാഴ്ച ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തും
കാലടി ശ്രീശങ്കര പാലം നവീകരണം: പുതിയ പാലം തുറന്ന ശേഷം മതിയെന്ന് ജനപ്രതിനിധികൾ; തിങ്കളാഴ്ച ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തും
കാലടി: ദീർഘകാലമായി അറ്റകുറ്റപ്പണികൾ കാത്തുനിൽക്കുന്ന കാലടി ശ്രീശങ്കര പാലത്തിന്റെ നവീകരണം സംബന്ധിച്ച് തീരുമാനമെടുക്കാൻ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്ക, എം.എൽ.എമാരായ റോജി എം. ജോൺ, എൽദോസ് പി. കുന്നപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
പാലത്തിന്റെ ഉപരിതലത്തിലെ പഴയ ടാറിങ് പൂർണ്ണമായും നീക്കം ചെയ്ത് ആധുനിക രീതിയിൽ പുനർനിർമ്മിക്കാനാണ് നിലവിലെ പദ്ധതി. എന്നാൽ, നിർമ്മാണ വേളയിൽ പാലം പൂർണ്ണമായും അടച്ചിടേണ്ടി വരുന്നത് വലിയ ഗതാഗതക്കുരുക്കിനും ജനങ്ങളുടെ ബുദ്ധിമുട്ടിനും കാരണമാകുമെന്ന് യോഗത്തിൽ ആശങ്കയുയർന്നു.
ഈ സാഹചര്യത്തിൽ, ഇപ്പോൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പാലം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. പുതിയ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ട ശേഷം മാത്രം പഴയ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കണമെന്നും യോഗം നിർദ്ദേശിച്ചു.
ഇക്കാര്യത്തിലുള്ള പ്രായോഗിക വശങ്ങൾ പരിശോധിക്കുന്നതിനായി എം.എൽ.എമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം ജനുവരി 12 തിങ്കളാഴ്ച സ്ഥലം സന്ദർശിക്കും. വിവിധ സംഘടനാ ഭാരവാഹികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

