​ആലപ്പുഴയിൽ 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ നിയമം ലംഘിച്ചാൽ കർശന നടപടി

​കേരളത്തിൽ ജൂൺ 09 മുതൽ ജൂലൈ 31 വരെ 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാതല യോഗം ചേർന്നു. മറ്റ് ജില്ലകളിലെ ബോട്ടുകൾ തീരം വിട്ടുപോകണമെന്ന് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബി ജ്യോതി അറിയിച്ചു

​ആലപ്പുഴയിൽ 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ നിയമം ലംഘിച്ചാൽ കർശന നടപടി
ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല യോഗം

ആലപ്പുഴയിൽ ട്രോളിംഗ് നിരോധനം ജൂൺ 09 അർദ്ധരാത്രി മുതൽ; നിയമലംഘകർക്കെതിരെ കർശന നടപടിയെന്ന് എഡിഎം

ആലപ്പുഴ: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരുന്ന ജൂൺ 09 ന് അർദ്ധരാത്രി മുതൽ ആലപ്പുഴ ജില്ലയിൽ നിയമവിരുദ്ധ മത്സ്യബന്ധന രീതികൾ അനുവദിക്കില്ലെന്ന് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എഡിഎം) ബി ജ്യോതി അറിയിച്ചു. ജൂൺ 09 മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എഡിഎം.

​നിരോധന കാലയളവിൽ മറ്റ് ജില്ലകളിൽ നിന്നുള്ള ബോട്ടുകൾ ആലപ്പുഴ ജില്ലയുടെ തീരം വിട്ടുപോകുകയോ അല്ലെങ്കിൽ സുരക്ഷിതമായി ബെർത്ത് ചെയ്യുകയോ വേണം. വളർച്ച പൂർത്തിയാകാത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് ശിക്ഷാർഹമാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

​രക്ഷാപ്രവർത്തനവും കൺട്രോൾ റൂമും സജ്ജം

​ട്രോളിങ് നിരോധന കാലയളവിൽ രക്ഷാപ്രവർത്തനത്തിനായി കായംകുളം, തോപ്പുംപടി ഹാർബറുകൾ കേന്ദ്രീകരിച്ച് രണ്ട് യന്ത്രവൽകൃത ബോട്ടുകളും 8 ലൈഫ് ഗാർഡുമാരും സജ്ജമായിരിക്കും. കൂടാതെ ചെത്തി, തോട്ടപ്പള്ളി ഹാർബറുകൾ കേന്ദ്രീകരിച്ച് ഓരോ എഫ്.ആർ.പി. വള്ളങ്ങളും 10 സീ റെസ്ക്യൂ ഗാർഡ്മാരും രംഗത്തുണ്ടാകും. ഫിഷറീസ്, മറൈൻ എൻഫോഴ്‌സ്മെൻറ്, ഹാർബർ എഞ്ചിനീയറിംഗ്, പോലീസ് വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കും.

​കൺട്രോൾ റൂം നമ്പറുകൾ:

​തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ (24 മണിക്കൂറും ലഭ്യമാണ്): 9447967155

​ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് (അടിയന്തിര സാഹചര്യങ്ങളിൽ): 0477 2251103

​മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ

​കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും തിരിച്ചറിയൽ രേഖകൾ (ആധാർ കാർഡ് ഉൾപ്പെടെ), ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവ നിർബന്ധമായും കരുതണം.

​കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം.

​ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ.

​യാനത്തിന്റെ രജിസ്ട്രേഷൻ/ ലൈസൻസ് പകർപ്പുകൾ കൈവശം സൂക്ഷിക്കണം.

​എല്ലാ യാനങ്ങളിലും ട്രാൻസ്പോണ്ടർ ഘടിപ്പിക്കുകയും സർക്കാർ നിഷ്‌കർഷിച്ച ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും വേണം.

​തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കും പീലിംഗ് തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 156 കടൽ പട്രോളിംഗുകൾ നടത്തുകയും രക്ഷാപ്രവർത്തനങ്ങളിലൂടെ 940 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

​യോഗത്തിൽ തോട്ടപ്പള്ളി ഹാർബറിലെ രക്ഷാപ്രവർത്തന സജ്ജീകരണങ്ങൾ, എയർ ആംബുലൻസ്, റേഷനുപകരം തൊഴിൽനഷ്ട വേതനം തുടങ്ങിയ ആവശ്യങ്ങൾ മത്സ്യത്തൊഴിലാളി പ്രതിനിധികൾ ഉന്നയിച്ചു. ട്രേഡ് യൂണിയൻ പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.