സെൻസസ് സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ പോർട്ടൽ ലോഗിൻ രീതികളും 34 ചോദ്യങ്ങളും
വരാനിരിക്കുന്ന സെൻസസ് 2027 ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ നടപടികൾ ജൂൺ 16 മുതൽ ആരംഭിക്കും. പൊതുജനങ്ങൾക്ക് സ്വന്തം വീട്ടുവിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള വിവരങ്ങളും മാനദണ്ഡങ്ങളും അറിയാം.
സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ; വിവരങ്ങൾ പൊതുജനങ്ങൾക്ക് സ്വയം രേഖപ്പെടുത്താം
എറണാകുളം: രാജ്യത്ത് നടക്കാനിരിക്കുന്ന സെൻസസ് -2027-ന്റെ ആദ്യഘട്ടമായ ‘സെൽഫ് എന്യൂമറേഷൻ’ (സ്വയം വിവരശേഖരണം) ജൂൺ 16-ന് ആരംഭിക്കും. സെൻസസിൽ ഉൾപ്പെടുത്തേണ്ട വീട്ടുവിവരങ്ങൾ കുടുംബങ്ങൾക്ക് തന്നെ നേരിട്ട് ഓൺലൈനായി രേഖപ്പെടുത്താനുള്ള സൌകര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് https://se.census.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാം.
സെൻസസ് നടപടികൾ വേഗത്തിലാക്കാനും, എന്യൂമറേറ്റർമാരുടെ ജോലിഭാരം ലഘൂകരിക്കാനും, വിവരങ്ങൾ കൂടുതൽ കൃത്യതയോടെ രേഖപ്പെടുത്താനും സെൽഫ് എന്യൂമറേഷൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?
പോർട്ടലിൽ പ്രവേശിച്ച് സംസ്ഥാനം തിരഞ്ഞെടുത്ത ശേഷം ക്യാപ്‌ച കോഡ് നൽകി ലോഗിൻ ചെയ്യാം. കുടുംബനാഥന്റെ പേര്, 10 അക്ക മൊബൈൽ നമ്പർ എന്നിവ നൽകിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. ഒരിക്കൽ നൽകിയ കുടുംബനാഥന്റെ പേരും തിരഞ്ഞെടുക്കുന്ന ഭാഷയും പിന്നീട് മാറ്റാൻ സാധിക്കില്ല. ഒരു കുടുംബത്തിന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാനാകൂ. ഒടിപി (OTP) വെരിഫിക്കേഷന് ശേഷം മാപ്പിന്റെ സഹായത്തോടെ കൃത്യമായ താമസസ്ഥലം അടയാളപ്പെടുത്തണം.
ഇംഗ്ലീഷ് കൂടാതെ 15 ഇന്ത്യൻ ഭാഷകളിൽ വിവരങ്ങൾ രേഖപ്പെടുത്താൻ പോർട്ടലിൽ സൌകര്യമുണ്ട്. വിവരങ്ങൾ പൂർണ്ണമായി ഒന്നിച്ച് നൽകാൻ സാധിക്കാത്തവർക്ക് ഡ്രാഫ്റ്റ് ആയി സേവ് ചെയ്ത് പിന്നീട് നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനും അവസരമുണ്ട്.
34 ചോദ്യങ്ങൾ; വിവരങ്ങൾ സുരക്ഷിതം
വീടുകളുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങളാണ് സെൽഫ് എന്യൂമറേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഘടന, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ (കുടിവെള്ളം, വെളിച്ചം, കക്കൂസ് സൗകര്യം), വീട്ടിലുള്ള വാഹനങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ (ഇന്റർനെറ്റ്, ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ), കുടുംബം പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം തുടങ്ങിയ വിവരങ്ങളാണ് ഇതിൽ പ്രധാനമായും ശേഖരിക്കുന്നത്.
എന്യൂമറേറ്റർമാർ വരുമ്പോൾ 'എസ് ഇ ഐഡി' നൽകണം
ഓൺലൈൻ സമർപ്പണം വിജയകരമായി പൂർത്തിയാകുമ്പോൾ 'H' എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള ഒരു പ്രത്യേക 'എസ് ഇ ഐഡി' (SE ID) മൊബൈലിലും ഇ-മെയിലിലും ലഭിക്കും. പിന്നീട് എന്യൂമറേറ്റർമാർ വീട് സന്ദർശിക്കുമ്പോൾ ഈ ഐഡി മാത്രം കൈമാറിയാൽ മതിയാകും. നിലവിലുള്ള റെക്കോർഡുമായി ഇത് ഒത്തുനോക്കി അവർ വിവരങ്ങൾ സ്ഥിരീകരിക്കും. ഐഡി പൊരുത്തപ്പെടാത്ത സാഹചര്യങ്ങളിൽ മാത്രമേ വിവരങ്ങൾ വീണ്ടും ശേഖരിക്കുകയുള്ളൂ.
സെൽഫ് എന്യൂമറേഷനിലെ 34 ചോദ്യങ്ങൾ ഇവയാണ്:
സെൻസസിന്റെ ഭാഗമായി പോർട്ടലിൽ താഴെ പറയുന്ന 34 ചോദ്യങ്ങൾക്കാണ് പൊതുജനങ്ങൾ മറുപടി നൽകേണ്ടത്
സീരിയൽ നമ്പർ (സെൻസസിനു വേണ്ടി തയ്യാറാക്കിയ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കിലെ)
കെട്ടിട നമ്പർ
വീട്ടുനമ്പർ
വീടിന്റെ തറ നിർമിക്കാൻ ഉപയോഗിച്ച പ്രധാന സാമഗ്രി
വീടിന്റെ ഭിത്തി നിർമിക്കാൻ ഉപയോഗിച്ച പ്രധാന സാമഗ്രി
വീടിന്റെ മേൽക്കൂര നിർമിക്കാൻ ഉപയോഗിച്ച പ്രധാന സാമഗ്രി
വീടിന്റെ ഉപയോഗം
വീടിന്റെ അവസ്ഥ
കുടുംബത്തിന്റെ നമ്പർ
കുടുംബത്തിൽ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം
കുടുംബനാഥന്റെ/നാഥയുടെ പേര്
ലിംഗഭേദം
പട്ടികജാതിയോ പട്ടിക വർഗമോ മറ്റുള്ളവരോ എന്ന വിവരം
വീടിന്റെ ഉടമസ്ഥത (സ്വന്തം/വാടകയ്ക്ക്)
താമസിക്കുവാനുള്ള മുറികളുടെ എണ്ണം
കുടുംബത്തിൽ താമസിക്കുന്ന ദമ്പതികളുടെ എണ്ണം
കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സ്
കുടിവെള്ള സ്രോതസ്സിന്റെ ലഭ്യത
വെളിച്ചത്തിന്റെ പ്രധാന സ്രോതസ്സ്
കക്കൂസിന്റെ ലഭ്യത
കക്കൂസിന്റെ തരം
അഴുക്കുവെള്ള കുഴൽ ബന്ധപ്പിച്ചിട്ടുള്ളത് എവിടേക്ക്
പരിസരത്ത് ലഭ്യമായ കുളിക്കുവാനുള്ള സൗകര്യം
അടുക്കളയുടെയും എൽപിജി/പിഎൻജി (LPG/PNG) കണക്ഷന്റെയും ലഭ്യത
പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം
റേഡിയോ/ട്രാൻസിസ്റ്റർ ലഭ്യമാണോ
ടെലിവിഷൻ ഉണ്ടോ
ഇന്റർനെറ്റിന്റെ ലഭ്യത
ലാപ്ടോപ്പ്/ കമ്പ്യൂട്ടർ ഉണ്ടോ
ടെലിഫോൺ, മൊബൈൽ ഫോൺ/സ്മാർട്ട് ഫോൺ വിവരങ്ങൾ
സൈക്കിൾ, സ്കൂട്ടർ/മോട്ടോർ സൈക്കിൾ/മോപ്പഡ് വിവരങ്ങൾ
കാർ/ജീപ്പ്/വാൻ ഉണ്ടോ
കുടുംബത്തിൽ പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം
മൊബൈൽ നമ്പർ
വിവരങ്ങൾ പൂർണ്ണമായും രഹസ്യാത്മകമായിരിക്കും
സെൻസസിന്റെ ഭാഗമായി ജനങ്ങൾ നൽകുന്ന വിവരങ്ങളുടെ രഹസ്യാത്മകത പൂർണ്ണമായും ഉറപ്പാക്കിയിട്ടുണ്ടെന്ന് രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. അതീവ സുരക്ഷിതമായ സെർവറുകളിൽ എൻക്രിപ്റ്റഡ് ഫോർമാറ്റിൽ മാത്രമായിരിക്കും ഈ ഡാറ്റ സൂക്ഷിക്കുക. ഇവ യാതൊരു കാരണവശാലും മറ്റ് വ്യക്തികൾക്കോ ഏജൻസികൾക്കോ കൈമാറില്ലെന്നും അധികൃതർ വ്യക്തമാക്കി.