സിയാലിനെ മൾട്ടിമോഡൽ കാർഗോ ശൃംഖലയുടെ കേന്ദ്രമാക്കും മുഖ്യമന്ത്രി
കേരളത്തിൽ വ്യോമ, റോഡ്, റെയിൽ, ജല പാതകൾ കോർത്തിണക്കി വിപുലമായ മൾട്ടിമോഡൽ കാർഗോ ശൃംഖല സ്ഥാപിക്കുമെന്നും ഇതിന്റെ പ്രധാന കേന്ദ്രമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ (സിയാൽ) മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സിയാലിനെ മൾട്ടിമോഡൽ കാർഗോ ശൃംഖലയുടെ കേന്ദ്രമാക്കും: മുഖ്യമന്ത്രി
നെടുമ്പാശ്ശേരി: കേരളത്തിൽ വ്യോമ, റോഡ്, റെയിൽ, ജല പാതകൾ കോർത്തിണക്കി വിപുലമായ മൾട്ടിമോഡൽ കാർഗോ ശൃംഖല സ്ഥാപിക്കുമെന്നും ഇതിന്റെ പ്രധാന കേന്ദ്രമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ (സിയാൽ) മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിയാൽ കാർഗോ പ്രവർത്തനങ്ങളുടെ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റിന്റെ പ്ലീനറി സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഗോ ബിസിനസ് വിപുലീകരണത്തിനായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഫലം കണ്ടുതുടങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞു. സിയാലിന് ചുറ്റുമായി നിരവധി ലോജിസ്റ്റിക്സ് പാർക്കുകളും അത്യാധുനിക വെയർഹൗസുകളും ഇതിനോടകം പ്രവർത്തനമാരംഭിച്ചു. നിലവിൽ 2.5 ലക്ഷം ചതുരശ്ര അടി വെയർഹൗസിംഗ് സൗകര്യമാണ് സിയാലിലുള്ളത്. ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ലഭിക്കുന്നതോടെ ഈ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സാമ്പത്തിക വർഷം 65,000 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്ത സിയാൽ, നടപ്പ് വർഷം അത് 74,000 മെട്രിക് ടണ്ണായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവള വികസനത്തിനൊപ്പം പ്രാദേശിക അടിസ്ഥാന സൗകര്യ വികസനത്തിനും സിയാൽ പ്രാധാന്യം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിയാലിന് ചുറ്റും വലിയൊരു ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം രൂപപ്പെടുകയാണെന്നും ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവെച്ച കാർഗോ സ്ഥാപനങ്ങളെ ചടങ്ങിൽ ആദരിച്ചു. എം.എൽ.എ മാരായ അൻവർ സാദത്ത്, റോജി എം ജോൺ, സിയാൽ എം.ഡി എസ്. സുഹാസ് തുടങ്ങിയവർ സംസാരിച്ചു. സിയാലും ഫിക്കിയും (FICCI) സംയുക്തമായാണ് സമ്മിറ്റ് സംഘടിപ്പിച്ചത്.

