ഹെറോയിനും കഞ്ചാവുമായി അസം സ്വദേശി
ഹെറോയിനും കഞ്ചാവുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ
ഹെറോയിനും കഞ്ചാവുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ
പെരുമ്പാവൂർ: നഗരത്തിൽ ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന അസം സ്വദേശി പോലീസിന്റെ പിടിയിലായി. അസം നൗഗാവ് സ്വദേശി ഷരീഫുൽ ഇസ്ലാം (26) ആണ് 8.2 ഗ്രാം ഹെറോയിനും 500 ഗ്രാം കഞ്ചാവുമായി പിടിയിലായത്. 'ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ' പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ, സ്കൂട്ടറിൽ ലഹരിമരുന്ന് കടത്തവെ പെരുമ്പാവൂർ ഫിഷ് മാർക്കറ്റിന് സമീപത്തുനിന്നാണ് ഇയാൾ വലയിലായത്. സ്കൂട്ടറിൽ കറങ്ങിനടന്നായിരുന്നു ഇയാൾ ആവശ്യക്കാർക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നത്.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, എസ്.ഐമാരായ പി.എം റാസിഖ്, ജോസി എം ജോൺസൺ, വിഷ്ണു, എ.എസ്.ഐ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ അഫ്സൽ, രജിത്ത് രാജൻ, ബെന്നി ഐസക്, എം.കെ സജി, എം.കെ നിഷാദ്, ബിനീഷ് ചന്ദ്രൻ, വിനു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യമ്പുഴയിൽ നിന്ന് 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് നഗര മധ്യത്തിൽ വീണ്ടും ലഹരി വേട്ട നടന്നത്.

