കള്ളാടി മണ്ണിടിച്ചിൽ കാണാതായ ബിക്രം സിങ്ങിന്റെ മൃതദേഹം കണ്ടെത്തി മരണസംഖ്യ എട്ടായി
വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ ഹിമാചൽ പ്രദേശ് സ്വദേശി ബിക്രം സിങ് റാണയുടെ മൃതദേഹം ആറാം ദിവസം നടത്തിയ തിരച്ചിലിൽ കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം എട്ടായി ഉയർന്നു.
കള്ളാടി മണ്ണിടിച്ചിൽ: കാണാതായ ഹിമാചൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ എട്ടായി
കൽപ്പറ്റ: കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ ഹിമാചൽ പ്രദേശ് സ്വദേശി ബിക്രം സിങ് റാണയുടെ മൃതദേഹം കണ്ടെടുത്തു. ദുരന്തം നടന്ന് ആറാം ദിവസം സോൺ രണ്ടിൽ നടത്തിയ വ്യാപകമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. മണ്ണിടിച്ചിലിനെ തുടർന്ന് ഇരുമ്പ് ഭാഗങ്ങളും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയ പ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.
തുടർന്ന് സ്ഥലത്തെത്തിയ ബിക്രം സിങ്ങിന്റെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെനിന്നും എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ബിക്രം സിങ്ങിന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെ കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആകെ എണ്ണം എട്ടായി ഉയർന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

